ദോഹ: രണ്ടു ദിവസത്തെ ഇടവേളയും കഴിഞ്ഞ് ഏഷ്യൻ കപ്പിലെ പോരാട്ടങ്ങൾ അവസാന ലാപ്പിലേക്ക്. കിരീട സ്വപ്നങ്ങളുമായി ദോഹയിലെത്തിയ ജപ്പാനും സൗദി അറേബ്യയും ഇറാഖും ആസ്ട്രേലിയയും ഉൾപ്പെടെ വമ്പന്മാർ പാതിവഴിയിൽ ഇടറിവീണതിനു പിന്നാലെ കളിയിലെ അവസാന നാലുപേരുടെ പോരാട്ടത്തിന് ഇന്നും നാളെയും വിസിൽ മുഴങ്ങും.
ചരിത്രയാത്ര കിരീടത്തിൽഎത്തിക്കാൻ ജോർഡൻ
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ് ജോർഡൻ ഫുട്ബാൾ ടീം. ഏഷ്യൻ കപ്പ് പ്രീക്വാർട്ടറിൽ ഇറാഖിനെയും, ക്വാർട്ടർ ഫൈനലിൽ അട്ടിമറി കുതിപ്പു നടത്തിയ തജികിസ്താനെയും വീഴ്ത്തിയ ജോർഡൻ തങ്ങളുടെ ഫുട്ബാൾ വഴികളിൽ പുതു സ്വപ്നങ്ങൾക്കാണ് തിരിതെളിച്ചത്. നാലു ദിവസം മുമ്പ് നടന്ന ക്വാർട്ടർ കാണാനെത്തിയ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല ഗാലറിയിൽ സാക്ഷിയാക്കിയായിരുന്നു ജോർഡന്റെ കുതിപ്പ്.
വൻകരയുടെ ടൂർണമെന്റിൽ 2004 മുതൽ പതിവു സാന്നിധ്യമായ ജോർഡൻ ആദ്യമായി സെമിയിലെത്തുമ്പോൾ ഈ യാത്ര കിരീടത്തിലെത്തുമെന്ന് കോച്ച് ഹുസൈൻ അമൗത സാക്ഷ്യപ്പെടുത്തുന്നു. മത്സരത്തിനുള്ള തയാറെടുപ്പ് വിശദീകരിച്ചുകൊണ്ടുനടന്ന വാർത്തസമ്മേളനത്തിലും കോച്ച് പൂർണ ആത്മവിശ്വാസത്തിൽ തന്നെ.
‘ഇരു ടീമുകൾക്കും ഏറെ വെല്ലുവിളി നിറഞ്ഞ മത്സരമായിരിക്കും സെമിയിലേത്. രണ്ട് പ്രധാന കളിക്കാരില്ലാതെയാണിറങ്ങുന്നത് എന്നത് പ്രയാസമാകും. ഗ്രൂപ് ഘട്ടത്തിലേതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും കളി. പക്ഷേ, ഈ പ്രതിസന്ധികളെ വെല്ലുവിളിയാക്കി മാറ്റിയായിരിക്കും ജോർഡൻ ഇറങ്ങുന്നത്’ -കോച്ച് അമൗത പറയുന്നു. നിർണായക മത്സരത്തിനായി കളിക്കാരെല്ലാം മാനസികമായി തയാറെടുത്തു. എതിരാളിയുടെ കരുത്തറിഞ്ഞുതന്നെ തന്ത്രപരമായ മാറ്റങ്ങൾ സ്വീകരിച്ചായിരിക്കും ടീം ഇറങ്ങുന്നത് -അദ്ദേഹം വ്യക്തമാക്കി.
Read also: ലൈംഗികാതിക്രമക്കേസ്; ബ്രസീൽ താരം ഡാനി ആൽവസിന്റെ വിചാരണ തുടങ്ങി
ജോർഡൻ കോച്ച് ഹുസൈൻ അമൗത
അലി ഉൽവാൻ, സാലിം അൽ അജ്ലിൻ എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാവുമെന്ന് സമ്മതിക്കുന്ന കോച്ച്, എന്നാൽ ഇത് മറികടക്കാൻ ടീമിന് കരുത്തുണ്ടെന്നും പറഞ്ഞു. രണ്ടു മഞ്ഞക്കാർഡുകളാണ് ഇരുവർക്കും സെമിയിലെ തയാറെടുപ്പിൽ തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് മൂസ അൽ തമാരി സെമി പോരാട്ടത്തിനായി സജ്ജമായതായും കോച്ച് പറഞ്ഞു. ടൂർണമെന്റിൽ രണ്ട് ഗോളുമായി ജോർഡന്റെ കുതിപ്പിൽ നിർണായകമാണ് ഈ മുന്നേറ്റ നിര താരം.
ആറു പതിറ്റാണ്ടിന്റെ കൊറിയൻ കാത്തിരിപ്പ് മാറുമോ
ആറു പതിറ്റാണ്ടുകാലമായി വഴുതി മാറുന്ന ഏഷ്യൻ കപ്പ് കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയ. കോച്ച് യുർഗൻ ക്ലിൻസ്മാനെ പോലൊരു പരിചയ സമ്പന്നനായ കോച്ചും ഹ്യൂങ് മിൻ സൺ ഉൾപ്പെടെ വൻ താരങ്ങളുടെ സാന്നിധ്യവും ആ സ്വപ്നയാത്രക്ക് ഊർജമാവുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. നോക്കൗട്ടിലെ രണ്ട് മത്സരങ്ങളിലും ഇഞ്ചുറി ടൈമിന്റെ വീർപ്പുമുട്ടും നിമിഷങ്ങൾക്കൊടുവിലായിരുന്നു ഫീനിക്സ് പക്ഷിയെ പോലെ ചിറകുവിരിച്ച് കൊറിയ പറന്നുയർന്നത്.
സെമി ഫൈനൽ മത്സരത്തിന് ടീം ഏറെ പ്രതീക്ഷയോടെയാണ് ഒരുങ്ങുന്നതെന്ന് കോച്ച് ക്ലിൻസ്മാൻ പറയുന്നു. എതിരാളികളായ ജോർഡന്റെ കുതിപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ‘ജോർഡന് വലിയ അഭിനന്ദനങ്ങൾ. ഒരേ ഗ്രൂപ്പിൽ നിന്നാണ് ഞങ്ങൾ ഇരുവരും ഉയർന്നുവന്നത്. വിജയദാഹം ഞങ്ങൾ ഇരുവരെയും ഓരോ ഘട്ടത്തിലും ഉയർത്തി. സെമിക്ക് ടീം മാനസികമായും ശാരീരികമായും ഫിറ്റാണ്.
ദക്ഷിണ കൊറിയൻ കോച്ച് യുർഗൻ ക്ലിൻസ്മാൻ
ഫൈനലിൽ ഇടം പിടിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. മാനസികമായും ടീം പോസിറ്റിവാണ്’ -ക്ലിൻസ്മാൻ പറഞ്ഞു. കരുത്തരായ ജോർഡനെതിരെ 12 മിനിറ്റും വേണ്ടിവന്നാൽ ഷൂട്ടൗട്ടിലും കളിക്കാൻ സജ്ജമാണ്. അവരും അതിന് ശക്തരാണെന്ന് അറിയാം -ക്ലിൻസ്മാൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു മത്സരങ്ങൾക്കിടയിൽ ഓരോ ഘട്ടങ്ങളിലായി ടീം ഏറെ ശക്തമായതായി അദ്ദേഹം പറഞ്ഞു.
‘വെരി സ്പെഷൽ താരങ്ങൾ അടങ്ങിയതാണ് ജോർഡൻ ടീം. ഏത് നിമിഷവും കളി മാറ്റാൻ കരുത്തുള്ളവർ. അവരെ ഗോളടിപ്പിക്കാതിരിക്കുകയും, കളിയിൽ മേധാവിത്വം ആദ്യന്ത്യം പുലർത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം’ -എതിരാളികളെക്കുറിച്ച് ക്ലിൻസ്മാൻ വിശദീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ