പോർച്ചുഗൽ ഇതിഹാസ ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ സർപ്രൈസിൽ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയുടെ സ്വദേശി താരം അദ്ഭുതപ്പെട്ടു. സൗദി പ്രൊ ലീഗിലെ ക്രിസ്റ്റ്യാനോയുടെ സഹതാരത്തിനാണ് ഞെട്ടിക്കുന്ന ഈ സർപ്രൈസ് ലഭിച്ചത്. സൗദി അറേബ്യൻ താരമായ അബ്ദുൾറഹ്‌മാൻ ഖരീബിനാണ് സി ആർ 7 ന്റെ സർപ്രൈസ്. എ എഫ് സി ഏഷ്യൻ കപ്പ് പോരാട്ടത്തിലാണ് സൗദി അറേബ്യയും അബ്ദുൾറഹ്‌മാൻ ഖരീബും. അതിനിടെയാണ് സംഭവം.
എ എഫ് സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ സൗദി അറേബ്യക്കു വേണ്ടി അബ്ദുൾറഹ്‌മാൻ ഖരീബ് ഗോൾ നേടിയതിനെ പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മെസേജ് അയച്ചതാണ് താരത്തെ ശരിക്കും അദ്ഭുതപ്പെടുത്തിയത്. ഖരീബിന്റെ ഗോളിനെ പ്രശംസിച്ച് ‘ വണ്ടർഫുൾ ‘ എന്ന് സി ആർ 7 അദ്ദേഹത്തിന്റെ ഫോണിലേക്ക് സ്വകാര്യ മെസേജ് അയച്ചു. അബ്ദുൾ റഹ്‌മാൻ ഖരീബിനെ ശരിക്കും സന്തോഷിപ്പിച്ചതായിരുന്നു ക്രിസ്റ്റ്യാനോയുടെ ആ സന്ദേശം.
Read also: കോപ ഡെൽ റേ: അത്‍ലറ്റികോയോട് തോറ്റ് റയൽ മാഡ്രിഡ് പുറത്ത്
എ എഫ് സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2 – 1 ന് ഒമാനെ തോൽപ്പിച്ചു. 14 -ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ പിന്നിലായശേഷം രണ്ടാം പകുതിയിലെ രണ്ട് ഗോളിലൂടെയായിരുന്നു സൗദി അറേബ്യയുടെ ജയം. 78 -ാം മിനിറ്റിൽ അബ്ദുൾറഹ്‌മാൻ ഖരീബായിരുന്നു സൗദിക്ക് സമനില ഗോൾ നൽകിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറി എതിരാളികളെ ഡ്രിബ്ബിൾ ചെയ്ത് പിന്തള്ളിയായിരുന്നു അബ്ദുൾറഹ്‌മാൻ ഖരീബിന്റെ മനോഹര ഗോൾ. തുടർന്ന് ഇഞ്ചുറി ടൈമിൽ അലി അൽബുയാഹിയുടെ ( 90 + 6 -ാം മിനിറ്റ്) ഗോളിൽ സൗദി അറേബ്യ ജയം സ്വന്തമാക്കി. അബ്ദുൾറഹ്‌മാൻ ഖരീബിൽ നിന്ന് കൂടുതൽ മികച്ച പ്രകടനവും ഗോളും പ്രതീക്ഷിക്കുന്നുണ്ടെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ അയച്ച സന്ദേശത്തിൽ കുറിച്ചതായാണ് റിപ്പോർട്ട്.
അതേ സമയം 2023-24 സീസൺ സൗദി പ്രൊ ലീഗ് നിലവിൽ ഇടവേളയ്ക്കു പിരിഞ്ഞിരിക്കുകയാണ്. ഏഷ്യൻ കപ്പിനു ശേഷം മാത്രമാണ് സൗദി പ്രൊ ലീഗ് പുനരാരംഭിക്കുക. സി ആർ 7 നും അബ്ദുൾറഹ്‌മാൻ ഖരീബും അൽ നസർ എഫ് സിക്കു വേണ്ടി 42 മത്സരങ്ങളിൽ ഒന്നിച്ച് ഇറങ്ങിയിട്ടുണ്ട്. ഇരുവരും ചേർന്ന് ആറ് ഗോൾ നേടുകയും ചെയ്തു.
എ എഫ് സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് എഫിൽ മൂന്ന് പോയിന്റുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള തായ്ലൻഡ് ഗോൾ ശരാശരിയിലെ മുൻതൂക്കത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകൾ ഏഷ്യൻ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശിക്കും. മികച്ച മൂന്നാം സ്ഥാനക്കാരിൽ നാല് പേർക്കും പ്രീ ക്വാർട്ടർ യോഗ്യത ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു