ബനഡിക്ട് പതിനാറാമന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Pope benedict health worsens
 

വത്തിക്കാൻ സിറ്റി: മുൻ മാർപ്പാപ്പ ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വത്തിക്കാനിലെ കോൺവെന്റിൽ ഡോക്ടർമാർ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. 

ഇന്ന് റോമിലെ സെന്റ് ജോൺ ലാറ്ററനിൽ അദ്ദേഹത്തിനായി പ്രത്യേക പ്രാർഥന നടക്കുമെന്ന് അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഫ്രാൻസിസ് മാർപ്പാപ്പ അറിയിച്ചിരുന്നു.

95 കാരനായ ബനഡിക്ട് പതിനാറാമന്റെ ആരോഗ്യനില കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലാണ്. അനാരോഗ്യം മൂലം 2013 ൽ സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമൻ പൊതുജീവിതത്തിൽ നിന്ന് പിന്മാറിയിരുന്നു. 600 വർഷത്തിനിടെ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർ‌പാപ്പയാണ് ബനഡിക്ട് പതിനാറാമൻ. 

‘നമുക്ക് അദ്ദേഹത്തെ ഓർക്കാം. വളരെ ക്ഷീണിതനാണ് അദ്ദേഹം. സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തിൽ നിലനിർത്താനും അദ്ദേഹത്തിന് ആശ്വാസം പകരാനും നമുക്ക് ദൈവത്തോട് പ്രാർഥിക്കാം’– ഫ്രാൻസിസ് മാർപാപ്പ പ്രതിവാര പ്രസംഗത്തിൽ പറഞ്ഞു. 

വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ബനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് വഷളായത്. ഈ മാസം ഒന്നിനു വത്തിക്കാൻ പുറത്തുവിട്ട ചിത്രത്തിൽ അദ്ദേഹം തീർത്തും ക്ഷീണിതനായിരുന്നു. സ്ഥാനത്യാഗം ചെയ്ത ശേഷം സെക്രട്ടറി ആർച്ച്ബിഷപ് ജോർജ് ഗാൻസ്‍വെയിനൊപ്പം വത്തിക്കാൻ ഉദ്യാനത്തിലെ ഭവനത്തിലാണ് താമസം.