കാബൂള്‍: അഫ്ഗാനിസ്താന്റെ മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ദോസ്തമിന്‍റെ ആഡംബരഭവനം പിടിച്ചെടുത്ത് താലിബാന്‍. താലിബാൻ അംഗങ്ങൾ ബംഗ്ലാവിനുള്ളിലെ കാഴ്ചകൾ കാണുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
താലിബാന്റെ പ്രമുഖ എതിരാളികളില്‍ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, നിലവില്‍ അഫ്ഗാനില്‍നിന്ന് പലയാനം ചെയ്തിരിക്കുകയാണ്. താലിബാന്‍ സർക്കാരിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായ ക്വരി സലാഹുദ്ദീൻ അയ്യൂബിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ കാവൽ നിൽക്കുന്നത്.
ഓഗസ്റ്റ് 15-ന് കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ തന്റെ 150 പടയാളികളെയാണ് അയ്യൂബി ഇവിടെ നിയോഗിച്ചത്. ദീര്‍ഘകാലത്തെ അഴിമതിയുടെ ഫലമാണ് ഈ ഭവനവും അതിലെ ആഡംബരവുമെന്നാണ് താലിബാന്റെ വിലയിരുത്തല്‍.
അനവധി ശാഖകളോടു കൂടിയ ചില്ലുവിളക്കുകള്‍, നീന്തല്‍ക്കുളം, മൃദുലമായ സോഫകള്‍ അങ്ങനെ നിരവധി അത്യാഡംബരങ്ങളുണ്ട് ഈ ഭവനത്തില്‍. സകല സജ്ജീകരണങ്ങളുമുള്ള ജിമ്മും ഇതിനുള്ളിലുണ്ട്. എന്നാല്‍ തന്റെ ആളുകള്‍ ആഡംബരത്തില്‍ മയങ്ങില്ലെന്ന് അയ്യൂബി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പ്രതികരിച്ചു.
ആര്‍ഭാടജീവിതം നയിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നില്ലെന്ന് നാല് പ്രവിശ്യകളുടെ മിലിട്ടറി കമാന്‍ഡര്‍ കൂടിയായ അയ്യൂബി പറഞ്ഞു. മരണാനന്തര ജീവിതത്തില്‍ സ്വര്‍ഗത്തിലാണ് ആഡംബരം ലഭ്യമാവുകയെന്നും അയ്യൂബി കൂട്ടിച്ചേര്‍ത്തു.