ന്യൂയോര്‍ക്ക്∙ വിമാനത്തില്‍ 14 വയസുകാരിക്ക് സമീപത്തിരുന്ന് സ്വയംഭോഗം നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് മൂന്നു ദിവസത്തെ വിചാരണയ്ക്കു ശേഷം ഡോ.സുദീപ്ത മൊഹന്തിയെ (33) വെറുതെവിട്ടത്.
ബോസ്റ്റണിലെ ഒരു ആശുപത്രിയില്‍ ഡോക്ടറായ സുദീപ്ത 2022 മേയില്‍ ഹൊനോലുലുവില്നിന്ന് ബോസ്റ്റണിലേക്കുള്ള ഹവായിയന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പതിനാലുകാരിയുടെ സമീപത്തുവച്ച് സ്വയംഭോഗം ചെയ്തുവെന്നായിരുന്നു കേസ്.
ഒരു പുതുപ്പുകൊണ്ട് കഴുത്തുവരെ മൂടിയിരുന്ന ആളിന്റെ കാലുകള്‍ ഉയര്ന്നുതാഴുന്നതു കണ്ടുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് അടുത്ത സീറ്റിലേക്കു മാറിയിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. വിമാനം ബോസ്റ്റണില്‍ ഇറങ്ങിയതിനു ശേഷം കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.