ഗസ്സ സിറ്റി: ഹമാസ് പോരാളികളെന്ന് തെറ്റിദ്ധരിച്ച് ഇസ്രായേൽ സൈന്യം സ്വന്തം പൗരന്മാരെ വെടിവെച്ചു കൊലപ്പെടുത്തി. വടക്കൻ ഗസ്സയിലെ ശുജാഇയ്യയിലെ പോരാട്ടത്തിനിടെയാണ് സംഭവം. ഹമാസ് നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് എത്തിയെന്ന് ഇസ്രായേൽ സൈന്യം പറയുന്ന മൂന്നു പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അക്രമത്തിന് എത്തിയവരെന്ന് സംശയിച്ച് മൂന്നുപേർക്കെതിരെയും സേന വെടിയുതിർക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവർ നേരത്തെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാണെന്ന് വ്യക്തമായത്.
ഒക്ടോബർ ഏഴിന് നിർ ആമിലെ തൊഴിൽ സ്ഥലത്തുനിന്നാണ് ഇവരെ ഹമാസ് റാഞ്ചിയിരുന്നത്. വെടിവെച്ചുകൊന്ന ശേഷം സംശയം വന്നതോടെയാണ് പരിശോധന നടത്തിയതെന്നും തിരിച്ചറിഞ്ഞതെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ബന്ദികളെ ഹമാസ് ഉപേക്ഷിച്ചതാകാമെന്നും അതല്ല, ഓടിരക്ഷപ്പെട്ടതാകാനും സാധ്യതയുള്ളതായി ഹഗാരി പറഞ്ഞു.
സംഭവത്തിൽ ഇസ്രായേൽ സൈന്യം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശുജാഇയ്യയിൽ ഒളിയാക്രമണത്തിലാണ് 10 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നത്. ഇവിടെ ഇപ്പോഴും പോരാട്ടം രൂക്ഷമായി തുടരുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. സാമിർ അബൂദാഖയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഫർഹാന സ്കൂളിൽ നിന്ന് ഫലസ്തീനികൾക്ക് നേരെയുള്ള ബോംബാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. സാമിറിനൊപ്പം ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു മാധ്യമപ്രവർത്തകനായ വാഇൽ ദഹ്ദൂഹ് ആശുപത്രിയിൽ ചികിത്സയിലാണ്. ദഹ്ദൂഹിന്റെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പരിക്കേറ്റ് കിടന്ന സാമിറിനടുത്തേക്ക് പോയ ആംബുലൻസിന് നേരെയും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഏറെ നേരം ചോരവാർന്ന് റോഡിൽ കിടന്ന സാമിറിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അൽ ജസീറ കാമറമാന്റെ മരണത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു