മുംബൈ : ആമസോണ്‍, ഗ്ലോബല്‍ ഒപ്റ്റിമിസം, സി40 സിറ്റീസ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ദ ക്ലൈമറ്റ് പ്ലെഡ്ജ് വികസ്വര രാജ്യങ്ങളിലെ ചരക്കു വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി ലെയ്ന്‍ഷിഫ്റ്റ് എന്ന രാജ്യാന്തര ദൗത്യത്തിനു തുടക്കമിട്ടു. ഇടത്തരം, ഹെവി ഡ്യൂട്ടി ചരക്ക് വാഹനങ്ങളുടെയും അവ സഞ്ചരിക്കുന്ന റൂട്ടുകളിലും പുറന്തള്ളുന്ന മാലിന്യം പൂജ്യത്തിലാക്കുകയാണ് ലക്ഷ്യം.
റോഡ് ചരക്ക് ഗതാഗതം വായു മലിനീകരണത്തിന്റെ പ്രധാന സ്രോതസാണ്. ഡീകാര്‍ബണൈസേഷന്‍ ഏറ്റവും ആവശ്യമായ വെല്ലുവിളിയേറിയ മേഖലയാണിത്. ആഗോള വാണിജ്യ വാഹന റോഡ്മാപ്പ് പ്രകാരം 2040ഓടെ പുറന്തള്ളുന്നത് 100 ശതമാനവും ഇല്ലാതാക്കാന്‍ 2030ഓടെ നഗരങ്ങള്‍ ഇലക്ട്രിക് ട്രക്കുകളാല്‍ (ഇവി) സജീവമാക്കേണ്ടി വരും. ഇത് സാധ്യമാക്കുന്നതിനാണ് ലെയ്ന്‍ഷിഫ്റ്റിന് രൂപം നല്‍കിയിരിക്കുന്നത്. നഗരങ്ങളുമായി സഹകരിച്ച് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ഇവി ട്രക്കുകള്‍ വിന്യസിക്കുകയും ചെയ്യുന്നതിന് ലെയ്ന്‍ഷിഫ്റ്റ് വേഗം കൂട്ടും. ഇന്ത്യയില്‍ ബെംഗളൂരു, ഡല്‍ഹി, മുംബൈ, പൂനെ എന്നീ നഗരങ്ങളിലും; ലാറ്റിന്‍ അമേരിക്കയിലെ കൊളംബിയയില്‍ ബോഗോട്ട, മെഡെലിന്‍ എന്നിവിടങ്ങളിലും ബ്രസീലിലെ കുരിറ്റിബ, റിയോ ഡി ജെനേറിയോ എന്നിവിടങ്ങളിലും ഇക്വഡോറിലെ ക്വിറ്റോയിലും മെക്ക്‌സിക്കോയിലെ മെക്ക്‌സിക്കോ സിറ്റിയിലും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കും, വായു ശുദ്ധമാക്കും, പരിസ്ഥിതി സൗഹാര്‍ദ്ദമായ ജോലികള്‍ സൃഷ്ടിക്കും, തൊഴിലാളികളുടെ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കും.
2020ല്‍ ചരക്ക് ഗതാഗതം പുറം തള്ളിയത് 2.2 ബില്ല്യന്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. ഇത് വായു, കടല്‍, റെയില്‍ എന്നിവ ചേര്‍ന്ന് പുറന്തള്ളിയതിനേക്കാള്‍ രണ്ടു മടങ്ങ് അധികമാണ്. ഇത് കുറയുന്ന ലക്ഷണങ്ങളുമില്ലെന്ന് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലെയ്ന്‍ഷിഫ്റ്റിലൂടെ ദ ക്ലൈമറ്റ് പ്ലെഡ്ജ്, സി40 സിറ്റീസ് (ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മേയര്‍മാരുടെ നെറ്റ്‌വര്‍ക്ക്), പൊതു സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍, നഗര അധികൃതര്‍, എന്‍ജിഒകള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കാന്‍ ശ്രമിക്കും. 2050 ഓടെ ചരക്ക് ഗതാഗതം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്ന ലാറ്റിനമേരിക്കയിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ ചില നഗരങ്ങളിലെ ദുര്‍ബലരായ സമൂഹങ്ങളെ ബാധിച്ചേക്കാവുന്ന മലിനമായ വായു ശുദ്ധീകരിക്കുന്നതിനും സംഘടനകള്‍ സംഭാവന നല്‍കും. 2030ഓടെ ഇന്ത്യയില്‍ ചരക്ക് ഗതാഗതം 140 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിമാന്‍ഡ് സിഗ്നലുകള്‍ അയക്കുന്നതിലൂടെയും ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലകളെ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെയും ചരക്ക് വ്യവസായവും നഗരങ്ങളും എങ്ങനെ ഇവി ചരക്ക് ഗതാഗതത്തിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുമെന്നതിന് ഒരു റോഡ് മാപ്പ് സൃഷ്ടിക്കാന്‍ ലെയ്ന്‍ഷിഫ്റ്റ് സഹായിക്കും. പ്രാദേശികം കേന്ദ്രീകരിച്ചുള്ള ഈ സംരംഭത്തിന് ഈ രാജ്യങ്ങളിലെ ആമസോണിന്റെ ഫെഡറല്‍, പ്രാദേശിക ശ്രമങ്ങളുടെ പിന്തുണയുണ്ടാകും.
ലാറ്റിന്‍ അമേരിക്കയിലെയും ഇന്ത്യയിലെയും നഗരങ്ങള്‍ ട്രക്കുകളുടെ വൈദ്യുതവല്‍ക്കരണത്തിന് മികച്ച അവസരങ്ങള്‍ നല്‍കുന്നുണ്ട്. ആരോഗ്യവുമുള്ള പരിസ്ഥിതിയിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടാന്‍ ഈ മേഖലയിലെ സഹകരണം നിര്‍ണായകമാണെന്നും ആമസോണ്‍ വേള്‍ഡ്‌വൈഡ് സസ്റ്റെയിനബിലിറ്റി മേധാവിയും വൈസ് പ്രസിഡന്റുമായ കാരാ ഹേഴ്സ്റ്റ് പറഞ്ഞു. ലെയ്ന്‍ഷിഫ്റ്റ് എല്ലാവരെയും ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിച്ച് വേഗത്തില്‍ നീങ്ങുന്നുവെന്നും പറഞ്ഞു.
ഡീകാര്‍ബണൈസേഷനില്‍ ഏറ്റവും പ്രാധാന്യമുള്ളതും വെല്ലുവിളിയേറിയതുമാണ് ചരക്ക് ഗതാഗതമെന്നും സി40യുടെയും ക്ലൈമറ്റ് പ്ലെഡ്ജിന്റെയും സവിശേഷമായ ഈ സഹകരണത്തിലൂടെ കാലാവസ്ഥ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള നഗരങ്ങളെയും ബിസിനസുകളെയും ലെയ്ന്‍ഷിഫ്റ്റ് ഒരുമിപ്പിക്കുമെന്നും ഇത്തരം സഹകരണങ്ങള്‍ വിജയത്തിന് അനിവാര്യമാണെന്നും ഗ്ലോബല്‍ ഒപ്റ്റിമിസം സ്ഥാപക പാര്‍ട്‌നര്‍ ടോം റിവെറ്റ് -കര്‍ണാക് പറഞ്ഞു.
ചരക്ക് ഗതാഗത മേഖലയിലെ കാലാവസ്ഥാ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള മുന്നണിയില്‍ അണിചേരാന്‍ ക്ലൈമറ്റ് പ്ലെഡ്ജ് ഭാരവാഹികളോടും ഫിനാന്‍സിയര്‍മാര്‍, ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളോടും ലെയ്ന്‍ഷിഫ്റ്റ് ആവശ്യപ്പെടും.
READ ALSO…..സോണി ഏറ്റവും പുതിയ ZV-1 II വ്ളോഗ് ക്യാമറ പുറത്തിറക്കി
ആഗോള കാര്‍ബണ്‍ പുറന്തള്ളലിന്റെ പ്രധാന സ്രോതസാണ് റോഡ് ചരക്ക് ഗതാഗതമെന്നും പുറംതള്ളല്‍ പൂജ്യത്തിലെത്തണമെങ്കില്‍ അടിയന്തരമായി ട്രക്കുകളെ വൈദ്യുതിവല്‍ക്കരിക്കണമെന്നും നഗരങ്ങളിലെ ചരക്ക് ഗതാഗതം ഡീകാര്‍ബണൈസ് ചെയ്തുകൊണ്ട് ഇന്ത്യയിലെയും ലാറ്റിനമേരിക്കയിലെയും വാഹനങ്ങള്‍ ഇവിയിലേക്ക് മാറ്റുന്നതിനുള്ള അടിത്തറ പാകാന്‍ ലെയ്ന്‍ഷിഫ്റ്റ് സഹായിക്കുമെന്നും സി40സിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്ക് വാട്ട്‌സ് പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യുന്നതിനും എല്ലാവര്‍ക്കും എല്ലായിടത്തും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന ഒരു ഭാവി സൃഷ്ടിക്കുന്നതിനും ഇതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാനും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പ്രമുഖ നഗരങ്ങളിലെ 100ഓളം മേയര്‍മാരുടെ ശൃംഖലയാണ് സി40 സിറ്റീസ്. ആഗോള താപനം 34.7 ഡിഗ്രി ഫാരന്‍ഹീറ്റിലേക്ക് (1.5 ഡിഗ്രി സെല്‍ഷ്യസ്) പരിമിതപ്പെടുത്താനും ആരോഗ്യകരവും സന്തുലിതവും പ്രതിരോധശേഷിയുള്ളതുമായ സമൂഹങ്ങളെ കെട്ടിപ്പടുക്കാനും ലോകത്തെ സഹായിക്കാന്‍ ശാസ്ത്രാധിഷ്ഠിതവും ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ സമീപനം ഉപയോഗിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണ് സി40 സിറ്റീസ് മേയര്‍മാര്‍. പുതിയ ആഗോള ഹരിത ഇടപാടിലൂടെ തൊഴിലാളികള്‍, ബിസിനസ്, യുവജന കാലാവസ്ഥാ പ്രസ്ഥാനം, സിവില്‍ സമൂഹം എന്നിവയില്‍ നിന്നുള്ള പ്രതിനിധികളുടെ വിശാലമായ കൂട്ടായ്മയോടൊപ്പം മുമ്പെന്നത്തേക്കാളും വേഗത്തില്‍ മുന്നേറാന്‍ മേയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.
ലോകമൊട്ടാകെ ഇവി സഹകാരികളുമായി ചേര്‍ന്ന് ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് ഡീകാര്‍ബണൈസിങ് തുടരുന്നുണ്ട്. 2022 ല്‍ ആമസോണ്‍ ആഗോള ഫ്‌ളീറ്റില്‍ 9000 ലധികം ഇലക്ട്രിക്ക് ഡെലിവറി വാഹനങ്ങള്‍ (ഇഡിവി) ഉണ്ടായിരുന്നു. യുഎസിലും യൂറോപ്പിലും ഇഡിവി ഉപയോഗിച്ച് 145 ദശലക്ഷം പാക്കേജുകള്‍ ഡെലിവറി ചെയ്തു. ഇന്ന് ആമസോണിന് യുഎസില്‍ 5000ത്തിലധികം റിവിയന്‍ ഇഡിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജര്‍മനിയില്‍ ആദ്യ 300 എണ്ണം റോഡിലിറങ്ങുമെന്നും ഈയിടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ലക്ഷം റിവിയന്‍ ഇവികള്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2025ഓടെ ഇന്ത്യയില്‍ 10,000 ഇവികള്‍ എത്തിക്കാനും പരിപാടിയുണ്ട്.
ലെയ്ന്‍ഷിഫ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected] ഇമെയില്‍ ചെയുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം