ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ മൃതദേഹം കാണാൻ അനുവദിച്ചെന്ന് വെളിപ്പെടുത്തി നവാല്‍നിയുടെ മാതാവ് ല്യൂഡ്മില നവാല്‍നയ. ബുധനാഴ്ച രാത്രിയോടെ ഒരു മോർച്ചറിയിലേക്ക് കൊണ്ടുപോയി മരണ സർട്ടിഫിക്കറ്റില്‍ ഒപ്പിട്ട് നല്‍കിയതായും ഒരു വീഡിയോ സന്ദേശത്തിലൂടെ ല്യൂഡ്മില വെളിപ്പെടുത്തി. കൂടാതെ, നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ റഷ്യൻ അധികൃതർ തനിക്കുമേല്‍ സമ്മർദം ചെലുത്തുന്നതായും അവർ കുറ്റപ്പെടുത്തി.
നവാല്‍നിയുടെ പ്രസ് സെക്രട്ടറി മാതാവിന് സമർപ്പിച്ച മെഡിക്കല്‍ റിപ്പോർട്ടില്‍ സ്വാഭാവിക കാരണങ്ങളാണ് നവാല്‍നിയുടെ മരണ കാരണങ്ങളായി കാണിച്ചിട്ടുള്ളത്. എന്നാല്‍ നവല്‍നിയെ റഷ്യൻ അധികാരികള്‍ കൊലപ്പെടുത്തിയതാണെന്നാണ് അലക്സി നവാല്‍നിയുടെയുടെ പങ്കാളി യൂലിയയുടെ ആരോപണം.
മൃതദേഹം വിട്ടുനല്‍കാൻ ഉദ്യോഗസ്ഥർക്ക് നിയമമുണ്ടെന്നും എന്നാല്‍ ആവശ്യം അവർ വിസമ്മതിക്കുകയും നവല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കുന്നതിന് അധികൃതർ സമ്മർദം ചെലുത്തുന്നതായും ഭീഷണിപ്പെടുത്തിയതായതും ല്യൂഡ്മില പറഞ്ഞു. നവാല്‍നിയുടെ മൃതദേഹം സംസ്കരിക്കേണ്ട സ്ഥലവും സമയവും രീതിയും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അധികാരികള്‍ തനിക്കുമേല്‍ ഭീഷണിപ്പെടുത്തി സ്ഥാപിക്കുകയാണെന്നും അവർ ആരോപിച്ചു.
”രഹസ്യമായി സംസ്കാരം നടത്തിയില്ലെങ്കില്‍ മകന്റെ മൃതദേഹത്തെ വികൃതമാക്കുമെന്നാണ് ഭീഷണി. അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് സമയം നിങ്ങള്‍ക്കൊപ്പമല്ല, മൃതദേഹം അഴുകിത്തുടങ്ങിയെന്നാണ്” നവല്‍നി സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയില്‍ വെളിപ്പെടുത്തിയത്. മകന്റെ മൃതദേഹം വിട്ടുനല്‍കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെ തുടർന്ന് ല്യൂഡ്മില റഷ്യൻ കോടതിയെ സമീപിച്ചിരുന്നു. മാർച്ച് 4ന് കോടതി വാദം കേള്‍ക്കും.
മകന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ശനിയാഴ്ച മുതല്‍ ശ്രമങ്ങളിലാണ് അലക്സിയുടെ അമ്മ. മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മാതാവിനെ ജയിലിലെ പ്രധാന കവാടത്തില്‍ റഷ്യന്‍ പ്രിസണ്‍സ് ഉദ്യോഗസ്ഥര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. മകന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ പോലും റഷ്യന്‍ ഉദ്യോഗസ്ഥര്‍ ല്യുഡ്മിലിയയെ അനുവദിച്ചില്ല. ഇതേത്തുടർന്ന് നവാല്‍നിയുടെ അനുയായികള്‍ ജയിലിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നവല്‍നിയുടെ പങ്കാളിയായ യൂലിയയെയും മകള്‍ ദഷ നവല്‍നയയെയും സന്ദർശിച്ചിരുന്നു.
പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്കിയ വിശദീകരണം. നാല്പത്തിയേഴുകാരനായ നവാല്‍നിയെ തീവ്രവാദം ഉള്‍പ്പടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് ജയിലിലടച്ചത്.