കിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ രണ്ട് പൊതു ബസുകൾക്ക് തീപിടിച്ച് കുറഞ്ഞത് 33 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു. ഈ വർഷം യുക്രെയ്നിൽ റഷ്യ ഒറ്റ ദിവസം നടത്തുന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമറ്റോർസ്ക് നഗരത്തിലാണ് ദുരന്തമുണ്ടായത്. ആക്രമണത്തിൽ 18 പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇതേത്തുടർന്ന്, അവിടത്തെ അധികൃതർ പൊതുഗതാഗത സംവിധാനം നിർത്തിവയ്ക്കുകയും ആളുകളോട് രാജ്യത്തിന്റെ സുരക്ഷിതമായ ഭാഗങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു
റഷ്യക്കാർ മനഃപൂർവം സാധാരണക്കാരെ ലക്ഷ്യമിടുകയാണ്’ ഡൊനെറ്റ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ വാഡിം ഫിലാഷ്കിൻ പറഞ്ഞു. ‘അവരെ സംബന്ധിച്ചിടത്തോളം, യാത്രക്കാരുള്ള ബസ് ആകർഷകമായ ലക്ഷ്യമാണ്; കാരണം, ഒറ്റയടിക്ക് കഴിയുന്നത്ര ആളുകളെ കൊല്ലാൻ അതിലൂടെ സാധിക്കും.’ – ഫിലാഷ്കിൻ പറഞ്ഞു.
യുക്രെയ്‌ൻ സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്.ഇ.എസ്) അറിയിച്ചത് പ്രകാരം, റഷ്യൻ ആക്രമണത്തിൽ രണ്ടു ബസുകൾക്കും സമീപപ്രദേശങ്ങളിലും തീപിടുത്തമുണ്ടാക്കി. ‘റഷ്യൻ ഡ്രോണുകൾ ആക്രമണത്തിലെ ഇരകളെ സഹായിച്ചിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു.
ആക്രമണത്തിലെ ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ഇപ്പോഴും തുടരുകയാണ്. ചില മൃതദേഹങ്ങൾ ചിതറിയ ശരീരഭാഗങ്ങളിൽ നിന്ന് കൂട്ടിച്ചേർക്കേണ്ടി വന്നു’ – ഡൊനെറ്റ്സ്ക് പൊലീസ് അറിയിച്ചു.















