സൗത്ത് ഏഷ്യയിലെ വലിയ എല്‍.ജി.ബി.ടി. ക്യു + ഫിലിം ഫെസ്റ്റിവലായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാന്‍സ് വുമണ്‍ രേവതിക്ക് കാഷിഷ് റെയിന്‍ബോ വാരിയര്‍ അവാര്‍ഡ് സമ്മാനിച്ചു. മാധ്യമപ്രവര്‍ത്തകനും ഹംസഫര്‍ ട്രസ്റ്റ് സ്ഥാപകരില്‍ ഒരാളുമായ അശോക് റോ കവിയില്‍ നിന്ന് രേവതി അവാര്‍ഡ് ഏറ്റുവാങ്ങി. ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ രേവതിയുടെ ജീവിതത്തെ ആസ്പദമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍ രേവതി’ ഇന്ത്യന്‍ സെന്റര്‍ പീസ് സിനിമയായി പ്രദര്‍ശിപ്പിച്ചു. സിനിമക്ക് മികച്ച പ്രതികരണമാണ് ഫെസ്റ്റിവല്‍ വേദിയില്‍ ലഭിച്ചത്.
ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 സിനിമകളില്‍ ഏക ഇന്ത്യന്‍ സിനിമയാണ് ഞാന്‍ രേവതി. കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യില്‍ മികച്ച സിനിമക്കുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് ഞാന്‍ രേവതിക്ക് ലഭിച്ചിരുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പുറത്തിറക്കിയ ‘ദ ട്രൂത്ത് എബൗട്ട് മീ’ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാന്‍സ്‌ജെന്‍ഡര്‍ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ‘ഞാന്‍ രേവതി. പെരുമാള്‍ മുരുകന്‍, ആനിരാജ, രഞ്ജു രഞ്ജിമാര്‍, ശീതള്‍ ശ്യാം, സൂര്യ ഇഷാന്‍, എ. മങ്കൈ, ശ്രീജിത് സുന്ദരം, ചാന്ദ്‌നി ഗഗന, ഉമ, ഭാനു, ലക്ഷമി, കലൈ ശെല്‍വന്‍, കനക, ഭാഗ്യം, കണ്ണായി, മയില്‍, ഏയ്ഞ്ചല്‍ ഗ്ലാഡി, ഇഷാന്‍. കെ. ഷാന്‍, ശ്യാം, ജീ ഇമാന്‍ സെമ്മലര്‍ തുടങ്ങി നിരവധി പേര്‍ ഡോക്യുമെന്ററിയിലുണ്ട് രേവതിയുടെ ജീവിതം പറയുന്നതിലൂടെ ഇന്ത്യയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതാവസ്ഥകളെ വിശകലനം ചെയ്യുകയാണ് ഡോക്യുമെന്ററി.
മികച്ച ട്രാന്‍സ്‌ജെന്‍ഡര്‍ 2025 സംസ്ഥാന പുരസ്‌കാരം മുഖ്യമന്ത്രി സ്റ്റാലിന്‍ എ. രേവതിക്ക് സമ്മാനിച്ചിരുന്നു. രണ്ടര വര്‍ഷം കൊണ്ട് നാമക്കല്‍, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു, അങ്കമാലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഞാന്‍ രേവതി നിര്‍മ്മിച്ചിരിക്കുന്നത് പ്രപഞ്ചം ഫിലിംസിന്റെ ബാനറില്‍ എ. ശോഭിലയാണ്. പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിര്‍മാതാക്കള്‍. ചായാഗ്രാഹണം മുഹമ്മദ് എ , എഡിറ്റിങ് അമല്‍ജിത്ത്. ചിത്രത്തിന്റെ പി.ആര്‍.ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പി.ആര്‍. സുമേരന്‍
CONTENT HIGH LIGHTS;Kashish Rainbow Warrior Award goes to A. Revathi