വളരെകുറച്ച് ചേരുവകൾ വെച്ച് ഫലാഫൽ വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- വെള്ളക്കടല- 1 കപ്പ്
- മൈദ- 1 ടേബിൾസ്പൂൺ
- സവാള- 1
- പച്ചമുളക്- 2
- മല്ലിയില- 1/2 കപ്പ്
- ഇഞ്ചി- 1
- വെളുത്തുള്ളി- 2
- ഉപ്പ്- ആവശ്യത്തിന്
- മുളകുപൊടി- 1/2 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- ജീരകപ്പൊടി- 1/2 ടീസ്പൂൺ
- മല്ലി- 3
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കടല എട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അതിലേയ്ക്ക് സവാള, പച്ചമുളക്, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് അരയ്ക്കാം. പച്ചക്കറികളും കടലയും അരഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷം മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേയ്ക്ക് അൽപം വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. വെള്ളം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കാം. ശേഷം മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിച്ചു തിളപ്പിക്കാം. എണ്ണ ചൂടായതിനു ശേഷം തീ കുറച്ച് അരച്ചെടുത്ത മാവിൽ നിന്നും കുറച്ചു വീതം പകർന്ന് വറുത്തെടുക്കാം.