മലാപ്പറമ്പ് (കോഴിക്കോട്): മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭം. വെള്ളിയാഴ്ച വൈകിട്ട് നടന്ന പൊലീസ് റെയ്ഡിൽ 6 സ്ത്രീകളടക്കം 9 പേർ പിടിയിലായി. ഇതിൽ രണ്ടു പേർ ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെന്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്താണ് ഈ അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഫുട്ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്മെന്റിന്റെ പാർട്നർമാരിൽ ഒരാളായ സുരേഷ് ബാബു പറഞ്ഞു.
രണ്ടു മാസം മുൻപ് ചില അയൽക്കാർ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോൾ ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാർട്മെന്റിൽ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവർ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അപാർട്മെന്റിനെക്കുറിച്ച് ചിലർ പരാതി ഉയർത്തിയതിനെ തുടർന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.