ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെയും പരാതി. സാമൂഹിക പ്രവർത്തകൻ എച്ച്‌എം വെങ്കിടേഷ് ആണ് വിരാട് കോഹ്ലിലെക്കെതിരെ പരാതി നൽകിയിട്ടുള്ളതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കബൺ പാർക്ക് പൊലീസിലാണ് പരാതി ലഭിച്ചത്. അതേസമയം പരാതിയിൽ ഇതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു. ഹൈക്കോടതിയിൽനിന്നും വിരമിച്ച ജസ്റ്റിസ് ജോൺ മൈക്കൽ.ഡി.കുൻഹയാണ് ഏകാംഗ കമ്മീഷൻ.
കേസ് ഇനി ജൂൺ 16ന് പരിഗണിക്കും. എന്നാൽ ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു നിഖിൽ സോസലെ. സംസ്ഥാന സർക്കാരിന് പറയാനുള്ളത് കേൾക്കണമെന്നും കോടതി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ആർസിബി ധനസഹായം പ്രഖ്യാപിച്ചിരുന്നു.
















