Food

നല്ല കിടിലൻ സ്വാദിൽ എങ്ങനെയാണ് എല്ലും കപ്പയും തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് എല്ലും കപ്പയും. നല്ല കിടിലൻ സ്വാദിൽ എങ്ങനെയാണ് എല്ലും കപ്പയും തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബീഫ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • ചുവന്നുള്ളി
  • കുരുമുളക്
  • മഞ്ഞൾപ്പൊടി
  • ഗരംമസാല
  • ഉപ്പ്
  • കപ്പ
  • വെളിച്ചെണ്ണ
  • പെരുംജീരകം
  • സവാള
  • പച്ചമുളക്
  • കറിവേപ്പില
  • മുളകുപൊടി
  • മല്ലിപ്പൊടി

തയ്യാറാക്കുന്ന വിധം

എല്ലോടു കൂടി ബീഫ് ഒരു കിലോ വൃത്തിയായി കഴുകിയെടുക്കാം. അതിലേക്ക് മഞ്ഞൾപ്പൊടി, ഗരംമസാല, ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി കുരുമുളക് എന്നിവ ചതച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം. ശേഷം അടുപ്പിൽ വച്ച് വേവിക്കാം. അതേ സമയം കപ്പ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും, ഉപ്പും, ചേർത്ത് വെള്ളം ഒഴിച്ചു വേവിക്കാൻ വയ്ക്കാം.
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി പെരുംജീരകം ചേർത്തു വറുക്കാം.

അതിലേക്ക് പച്ചമുളക്, ചുവന്നുള്ളിയും, സവാളയും ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. ഒരുപിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, എരിവിനനുസരിച്ച് മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം. മസാലയുടെ പച്ച മണം മാറി വരുമ്പോൾ വേവിച്ച ബീഫ് ചേർത്ത് തിളപ്പിക്കാം. വെള്ളം വറ്റി തുടങ്ങുമ്പോൾ പകുതി വെന്ത കപ്പ ചേർത്തിളക്കി യോജിപ്പിക്കാം. കപ്പയും ബീഫും നന്നായി വെന്തു കഴിയുമ്പോൾ കുറച്ച് സവാള മുകളിലായി അരിഞ്ഞു ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. എല്ലും കപ്പയും തയ്യാറായിരിക്കുന്നു.