ഹാരിയര്‍ ഇവിയെ പുറത്തിറക്കിയിരിക്കുന്നത് ടാറ്റ മോട്ടോഴ്‌സ് അവരുടെ ഏറ്റവും കരുത്തുറ്റതും ആധുനിക ഫീച്ചറുകള്‍ നിറച്ചതുമായ മോഡലായാണ്. പുറമേ നിന്നു നോക്കുമ്പോള്‍ ഹാരിയര്‍ ഇവിക്കുള്ളത് ഡീസല്‍ ഹാരിയറിന്റെ അതേ രൂപമാണ്. ഇലക്ട്രിക് മോഡലും ഹാരിയറിന്റെ ഡീസല്‍ മോഡലും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് അറിയാം.
ഡിസൈന്‍
രൂപകല്‍പനയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇരു മോഡലുകളും തമ്മിലുള്ളത്. സാധാരണ ഇവി മോഡലുകളിലേതു പോലെ ഹാരിയര്‍ ഇവിയിലും ക്ലോസ്ഡ് ഗ്രില്ലാണ്. മുന്നിലെ ബംപറില്‍ ചെറിയ മാറ്റങ്ങളുണ്ട്. സില്‍വര്‍ ബാഷ് പ്ലേറ്റുകളും ഇവി ബാഡ്ജിങും എയറോ ഫ്രണ്ട്‌ലി അലോയ് വീലുകളുമാണ് മറ്റു പ്രധാന മാറ്റങ്ങള്‍. ഹാരിയര്‍ ഡീസല്‍ മോഡലിന്റെ നെഞ്ചുയര്‍ത്തിയുള്ള നില്‍പും നേര്‍ത്ത എല്‍ഇഡി ഡിആര്‍എല്ലുകളും കുത്തനെയുള്ള ഹെഡ് ലൈറ്റുകളും മെലിഞ്ഞ പിന്നിലെ ലൈറ്റ് ബാറും റൂഫ് സ്‌പോയ്‌ലറുമെല്ലാം ഹാരിയര്‍ ഇവിയിലും ടാറ്റ തുടരുന്നുണ്ട്. ഹാരിയര്‍ ഇവിക്ക് 2എംഎം നീളവും 22എംഎം ഉയരവും കൂടുതലുണ്ട്. എന്നാല്‍ വീല്‍ബേസ് ഡീസല്‍ ഹാരിയറിന്റേതു പോലെ 2,741എംഎം തന്നെയാണ്.
കളര്‍ ഓപ്ഷന്‍
നിറങ്ങളുടെ കാര്യത്തില്‍ ഡീസല്‍ മോഡലാണ് ഇവിയേക്കാള്‍ മുന്നില്‍. ഹാരിയര്‍ ഡീസലിന് ആഷ് ഗ്രേ, കോറല്‍ റെഡ്, യൂണാര്‍ വൈറ്റ്, മാറ്റെ സ്‌റ്റെല്‍ത്ത് ബ്ലാക്ക്, ഒബ്രയോണ്‍ ബ്ലാക്ക്, പെബിള്‍ ഗ്രേ, സീവീഡ് ഗ്രീന്‍, സണ്‍ലൈറ്റ് യെല്ലോ എന്നിങ്ങനെ എട്ട് കളര്‍ ഓപ്ഷനുകളാണുള്ളത്. ഹാരിയര്‍ ഇവിയിലേക്കു വരുമ്പോള്‍ നിറങ്ങള്‍ അഞ്ചിലേക്കു ചുരുങ്ങും. എംപവേഡ് ഓക്‌സൈഡ്, നൈനിറ്റാള്‍ നോക്ട്യൂണ്‍, മാറ്റെ സ്‌റ്റെല്‍ത്ത് ബ്ലാക്ക്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്യുര്‍ ഗ്രീന്‍ എന്നിവയാണ് ഹാരിയര്‍ ഇവിയിലെ കളര്‍ ഓപ്ഷനുകള്‍.
ഇന്റീരിയര്‍
ഹാരിയര്‍ ഡീസലിന്റേയും ഇവിയുടേയും ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളില്ല. ഡാഷ്‌ബോര്‍ഡ് ലേ ഔട്ടിലും കാര്യമായ മാറ്റങ്ങളില്ല. ടാറ്റ ലോഗോയുള്ള ടു സ്‌പോക് സ്റ്റീറിങ് വീല്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, ടച്ച് ബേസ്ഡ് എച്ച്‌വിഎസി കണ്‍ട്രോള്‍ പാനല്‍ എന്നിവയെല്ലാം ഇരു മോഡലുകളിലും സമാനമാണ്. അതേസമയം ഹാരിയര്‍ ഇവിയില്‍ കൂടുതല്‍ വലിയ 14.53 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീനാണുള്ളത്. ഡീസലില്‍ 12.3 ഇഞ്ചിന്റെയാണ്.
ഹാരിയര്‍ ഇവിയിലെ ഐആര്‍വിഎം
ഹാരിയര്‍ ഇവിയിലെ റിയര്‍വ്യൂ മിറര്‍ പൂര്‍ണമായും ഡിജിറ്റലായുള്ള ഐആര്‍വിഎമ്മായാണ് വരുന്നത്. വാഹനത്തിന്റെ പിന്‍ഭാഗം കണ്ണാടിയിലൂടെയല്ല ക്യാമറയുടെ സഹായത്തിലാണ് കാണുന്നത്. ഇത് കൂടുതല്‍ വിശാലമായ രീതിയിലുള്ള കാഴ്ച്ചകള്‍ ഡ്രൈവര്‍ക്ക് നല്‍കും. മുന്നിലും പിന്നിലും ഡാഷ് ക്യാമറയും റെക്കോഡിങ് സൗകര്യവുമുണ്ട്.
സുരക്ഷ
ടാറ്റ ഇന്റലിജന്റ് ഡിജിറ്റല്‍ ആര്‍ക്കിടെക്ച്ചര്‍ ലെയറാണ് ഹാരിയര്‍ ഇവിയിലെ മറ്റൊരു പുതുമ. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റങ്ങളില്‍ ഓവര്‍ ദ എയര്‍ അപ്‌ഡേറ്റുകളും വോയ്‌സ് കമാന്‍ഡും 540 ഡിഗ്രി സറൗണ്ട് വ്യൂ ഫങ്ഷനും ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഈ സുരക്ഷാ സംവിധാനം രക്ഷക്കെത്തുമെന്നാണ് ടാറ്റയുടെ അവകാശവാദം.
ഓഫ് റോഡില്‍ കുറഞ്ഞ വേഗതയിലും(മണിക്കൂറില്‍ 5 കിലോമീറ്റര്‍) കൂടുതല്‍ മികച്ച നിയന്ത്രണത്തിന് സഹായിക്കുന്ന ലോ സ്പീഡ് ക്രൂസ് കണ്‍ട്രോള്‍ ഹാരിയര്‍ ഇവിയിലുണ്ട്. ഓട്ടോ പാര്‍ക്ക് അസിസ്റ്റും സമ്മണ്‍ മോഡും ഇടുങ്ങിയ സ്ഥലങ്ങളില്‍ സ്വയം പാര്‍ക്ക് ചെയ്യാന്‍ ഹാരിയര്‍ ഇവിയെ സഹായിക്കും. മറ്റു വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന വെഹിക്കിള്‍ ടു ലോഡ്(V2L) മറ്റു വൈദ്യുത വാഹനങ്ങളെ ചാര്‍ജു ചെയ്യാന്‍ സഹായിക്കുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍(V2V) ഫീച്ചറുകളും ഹാരിയര്‍ ഇവിക്ക് സ്വന്തം.
പൊതു ഫീച്ചറുകള്‍
പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ആന്റ് പവേഡ് മുന്‍ സീറ്റുകള്‍(ഡ്രൈവര്‍ സീറ്റില്‍ മെമ്മറി ഫങ്ഷനും), ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിങ്, കാബിന്‍ എയര്‍ പ്യൂരിഫെയര്‍, വയര്‍ലെസ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജിങ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, പിന്നില്‍ സണ്‍ഷൈഡ്, സ്ലൈഡിങ് ആംറെസ്റ്റും കൂള്‍ഡ് സ്റ്റോറേജും എന്നിങ്ങനെ പോവുന്ന ഹാരിയര്‍ ഇവിയുടേയും ഡീസലിന്റേയും പൊതു ഫീച്ചറുകള്‍. അതേസമയം ഹാരിയര്‍ ഇവിയില്‍ പവേഡ് ബോസ് മോഡും നല്‍കിയിട്ടുണ്ട്. ബോസ് മോഡ് വഴി പിന്‍നിരയിലെ യാത്രികര്‍ക്ക് മുന്‍ സീറ്റുകളെ നിയന്ത്രിക്കാനും കൂടുതല്‍ വിശാലമായി ഇരിക്കാനുമുള്ള സൗകര്യം ലഭിക്കും.
പവര്‍ട്രെയിന്‍ ഓപ്ഷന്‍
ആക്ടി.ഇവി പ്ലാറ്റ്‌ഫോമിലാണ് ഹാരിയര്‍ ഡീസല്‍ നിര്‍മിച്ചിരിക്കുന്നതെങ്കില്‍ ഇതേ പ്ലാറ്റ്‌ഫോം വലിയ രീതിയില്‍ മാറ്റങ്ങളോടെയാണ് ഹാരിയര്‍ ഇവിയിലെത്തുന്നത്. 65kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. ചെറിയ ബാറ്ററിയില്‍ 238എച്ച്പിയാണ് കരുത്ത്. 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20-80 ശതമാനം ചാര്‍ജ് 25 മിനുറ്റില്‍ സാധ്യമാണ്. 15 മിനുറ്റ് ഫാസ്റ്റ് ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാനാവുമെന്നതാണ് ഹാരിയര്‍ ഇവിക്കുമേല്‍ ടാറ്റ നല്‍കുന്ന വാഗ്ദാനം. 7.2കിലോവാട്ടിന്റെ എസി ചാര്‍ജറാണെങ്കില്‍ 10-100 ശതമാനം ചാര്‍ജിന് 10.7 മണിക്കൂറാണ് വേണ്ടത്.
നോര്‍മല്‍, വെറ്റ്/റെയിന്‍, റഫ് റോഡ് ടറൈന്‍ മോഡുകളും സ്‌പോര്‍ട്, സിറ്റി, ഇകോ ഡ്രൈവിങ് മോഡുകളും. 75kWh ബാറ്ററി പാക്ക് 627 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഈ വകഭേദത്തില്‍ ബൂസ്റ്റ് മോഡും അധികമായി വരുന്നു. ഉയര്‍ന്ന വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് സൗകര്യവുമുണ്ട്.
ടാറ്റ ഹാരിയര്‍ ഡീസല്‍ മോഡലില്‍ 2.0 ലീറ്റര്‍ ക്രയോട്ടിക് ടര്‍ബോ ഡീസല്‍ എന്‍ജിനാണുള്ളത്. 170എച്ച്പി പരമാവധി കരുത്തും 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. റിയല്‍ വീല്‍ ഡ്രൈവ് സൗകര്യമാണ് ടാറ്റ ഹാരിയര്‍ ഡീസലില്‍ ഉള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് 11-12 സെക്കന്‍ഡിലാണ് ഡീസല്‍ മോഡല്‍ എത്തുക. ഇതേ ദൂരം മറികടക്കാന്‍ ഹാരിയര്‍ ഇവിക്ക് വെറും 6.3 സെക്കന്‍ഡ് മതി.
വില
വകഭേദങ്ങളുടെ കാര്യത്തില്‍ ഹാരിയര്‍ ഡീസല്‍ സമ്പന്നമാണ്. സ്മാര്‍ട്ട് മുതല്‍ ഫിയര്‍ലെസ്+ സ്റ്റെല്‍ത്ത് എഡിഷന്‍ വരെയുള്ള 16 വകഭേദങ്ങളില്‍ ഹാരിയര്‍ ഡീസല്‍ എത്തുന്നുണ്ട്. വില 15 ലക്ഷം മുതല്‍ 26.50 ലക്ഷം രൂപ വരെയാണ്. ഹാരിയര്‍ ഇവിയിലാണെങ്കില്‍ മൂന്ന് വകഭേദങ്ങളില്‍ മാത്രമാണ് തുടക്കത്തില്‍ ടാറ്റ വില്‍പന ആരംഭിച്ചിരിക്കുന്നത്. അഡ്വെഞ്ചര്‍, ഫിയര്‍ലെസ്, എംപവേഡ് എന്നിവയാണ് ഇവിയിലെ വകഭേദങ്ങള്‍. തുടക്കകാല ഓഫറായി എന്‍ട്രി ലെവല്‍ അഡ്വെഞ്ചറിന് 21.49(എക്‌സ് ഷോറൂം) ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.