വീടുകളിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്ന ഇവ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അടുക്കള വൃത്തിയായി സൂക്ഷിക്കുക, പഴങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക, ചവറ്റുകുട്ടകൾ പതിവായി ശുദ്ധീകരിക്കുക, സീൽ ചെയ്ത പാത്രങ്ങൾ ഉപയോഗിക്കുക എന്നിവ ആണ് പൊടിയീച്ചകളെ തുരത്താൻ സഹായിക്കും. എന്നാൽ മറ്റൊരു രീതി വഴിയും അവയെ തുരത്താം.
വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയിൽ ഈ പഴയീച്ചകളെ തുരത്താം. അതിനാവശ്യമുള്ള വസ്തുക്കൾ, നന്നായി പഴുത്ത പഴം, ആപ്പിൾ സിഡെർ വിനാഗിരി, ഡിഷ്വാഷിങ് ലിക്വിഡ് എന്നിവയാണ്. ആപ്പിൾ സിഡെർ വിനാഗിരിക്കു പകരമായി സാധാരണ ഉപയോഗിക്കുന്ന വെള്ള വിനാഗിരി ആണെങ്കിലും മതിയാകും.
ഒരു ഗ്ലാസ് ജാർ എടുത്തു അതിലേക്ക് വിനാഗിരി ഒഴിച്ചുകൊടുക്കുക. തൊലി കളഞ്ഞ പഴമോ പച്ചക്കറിയോ അതിലേയ്ക്ക് ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്വാഷിങ് ലിക്വിഡ് കൂടി ഒഴിക്കണം. ആ ജാറിന്റെ തുറന്നിരിക്കുന്ന ഭാഗം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടച്ചതിനു ശേഷം ആ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. അടുക്കളയുടെ ഒരു ഭാഗത്ത് ഈ ജാർ സൂക്ഷിക്കാം. വിനാഗിരിയുടെയും പഴങ്ങളുടെയും ഗന്ധം ഈച്ചകളെ ആകർഷിക്കും. ദ്വാരത്തിലൂടെ അകത്തേയ്ക്ക് പ്രവേശിക്കുന്ന ഈച്ചകൾ ഡിഷ്വാഷ് ലിക്വിഡ് ചേരുന്ന മിശ്രിതത്തിൽ നിന്നും പുറത്തുവരാനാകാതെ ജാറിനടിയിലെത്തുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഈച്ചകളെ നശിപ്പിക്കാനുള്ള ഒരു വഴിയാണിത്.