ഇത് എഐ യുഗമാണ്. പാരമ്പര്യ രീതികൾ ഉപേക്ഷിച്ച് റോബോട്ടിക്ക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പുതിയ കാലത്തിന്റെ വേഗതയോട് മത്സരിക്കാനൊരുങ്ങുകയാണ് കമ്പനികൾ. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയാണ് ഈ മാറ്റത്തിൽ മുന്നിൽ. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബോണ്ടിന്റെ ട്രെൻഡ്സ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള എഐ സംവിധാനമായ ചാറ്റ്ജിപിടിയുടെ ഉപയോഗത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നിരുന്നു. ആഗോള ചാറ്റ്ജിപിടി ഉപയോക്താക്കളിൽ ഇപ്പോൾ 13.5% ഇന്ത്യക്കാരാണ്, യുഎസിനെയും (8.9%) ഇന്തോനേഷ്യയെയും (5.7%) മറികടന്നാണ് ഈ നേട്ടം.
ഡീപ്സീക്ക് മൊബൈൽ ആപ്പിന്റെ ഉപയോഗത്തിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാമതുണ്ട്. ചൈന (33.9%), റഷ്യ (9.2%) എന്നിവയ്ക്ക് പിന്നിൽ ഏഴ് ശതമാനത്തോളമാണ് ഇന്ത്യയിൽ ഡീപ്സീക്കിന്റെ ഉപയോഗം. ഇന്ത്യയിൽ എഐ-പവർ ടൂളുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കൂടിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്.