ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കു കിഴക്കൻ ഡൽഹിയിലെ ദയാൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെഹ്റു വിഹാറിലാണ് സംഭവം. കുട്ടിയുടെ ദേഹത്തും സ്വകാര്യഭാഗത്തും ഗുരുതരമായ മുറിവുകളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ബോധരഹിതയായി കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിച്ചു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരവും പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരവും ദയാൽപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.