World

‘ഡെമോക്രാറ്റിക് സ്ഥാനാർഥികളെ മസ്ക് പന്തുണച്ചാൽ പ്രത്യാഘാതം ​ഗുരുതരമായിരിക്കും’: മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ: വരുന്ന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളെ ഇലോൺ മസ്ക് പന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുെമന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മസ്‌കുമായുള്ള പോരിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് മസ്‌കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

‘ഞാൻ മറ്റു കാര്യങ്ങളിൽ വളരെ തിരക്കിലാണ്. ഞാൻ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇത് സംഭവിക്കുന്നതിന് വളരെ മുമ്പേ ഞാൻ അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ നൽകി. എന്റെ ആദ്യ ഭരണകാലത്ത് ഞാൻ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഞാൻ അദ്ദേഹവുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. 2026 ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളെ ഇലോൺ മസ്ക് പന്തുണയ്ക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ മസ്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും’ – ട്രംപ് പറഞ്ഞു.

എന്നാൽ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.