നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി അനന്തുവിന്റെ വീട് സന്ദർശിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. അനന്തുവിന്റെ കുടുംബത്തെ സ്വരാജ് ആശ്വസിപ്പിച്ചു.
നിര്‍ഭാഗ്യകരമായ സംഭവമെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പന്നിക്കെണിയില്‍ കുടുങ്ങിയതാണ്. അത് അപകടകരമായ കുറ്റകൃത്യമാണ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി പന്നി വേട്ട കച്ചവടമാക്കിയ ആളെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഇനി ഇത്തരമൊരു സംഭവമുണ്ടാകാതിരിക്കാനുള്ള കര്‍ശനമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇത് വളരെ അപകടകരമായ കുറ്റകൃത്യമാണ്. അതിനെ അങ്ങനെ തന്നെ കണ്ട് എതിര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലയോര മേഖലയിലെ കർഷകരെ മനുഷ്യരായി കണക്കാക്കണം. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കണം. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ കേന്ദ്ര നിയമമാണ്. ആ നിയമത്തെ മറികടക്കാൻ സംസ്ഥാന നിയമസഭയ്ക്ക് കഴിയില്ല. ഏതു പാർട്ടി ഭരിച്ചാലും, ആര് ഭരിച്ചാലും അതിന് കഴിയില്ല. അതിനുവേണ്ടിയുള്ള സമ്മർദ്ദമാണ് ശക്തിപ്പെട്ടുവരേണ്ടത്. അതിന് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. എല്ലാ പാർട്ടിയിലും പെട്ട ആളുകൾ ഒരുമിച്ചു നിന്ന് അതിനുവേണ്ടി ശബ്ദം ഉയർത്തുകയാണ് വേണ്ടത്- എം സ്വരാജ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നും മനുഷ്യൻ പരിസ്ഥിതിയുടെ ഭാഗമാണ് എന്നും എം സ്വരാജ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നതിന് രാജ്യം ഭരിക്കുന്നവർ നേതൃത്വം കൊടുക്കണം. വന്യജീവികളുടെ ആക്രമണം ഫലപ്രദമായി തടയുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ ഒരു പദ്ധതി കേരള സർക്കാർ സമർപ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം കിട്ടിയിട്ടില്ല. അതിന് അംഗീകാരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















