ഏത് പ്രായക്കാർക്കും ദിവസേന കഴിക്കാവുന്ന ഒരു പോഷകാഹാരമാണ് മുട്ട. പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച കലവറയാണ് മുട്ട. മുട്ടയുടെ നിത്യേനയുള്ള ഉപയോഗം പൊണ്ണത്തടിക്കും രോഗങ്ങൾക്കും കാരണമാകാറില്ല. മുട്ടയുടെ മഞ്ഞക്കരു വളരെയധികം പോഷണമൂല്യം ഉള്ളതാണ്. ജലാംശം വളരെക്കുറവും ആരോഗ്യകരവുമായ നല്ല കൊളസ്ട്രോൾ കൂടുതലുമാണ് മഞ്ഞയിൽ.
പരമാവധി ഗുണം കിട്ടാന്‍ മുട്ട എങ്ങനെ കഴിക്കണം എന്നുള്ള ചോദ്യം പലപ്പോഴും കേള്‍ക്കാറുണ്ട്. പുഴുങ്ങിയും ബുള്‍സൈ ആക്കിയും ഓംലറ്റ് അടിച്ചുമെല്ലാം മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ബുൾസൈ മിക്ക ഭക്ഷണപ്രിയർക്കും ഇഷ്ടമാണ്. എന്നാൽ ബുൾസൈ തയാറാക്കുവാനായി മുട്ട പൊട്ടിക്കുമ്പോൾ മഞ്ഞക്കരു പൊട്ടിപോകുക പതിവാണ്. മഞ്ഞക്കരു പൊട്ടാതെ തന്നെ മുട്ട പാകം ചെയ്തെടുക്കണം. മഞ്ഞക്കരു പൊട്ടാതെ കിട്ടുവാനായി എങ്ങനെയാണ് മുട്ട പൊട്ടിക്കേണ്ടതെന്ന് അറിഞ്ഞുവയ്ക്കാം. മുട്ട ചെരിച്ചുപിടിച്ച് നടുക്കായി കത്തിയോ സ്പൂണോ വച്ച് തട്ടാം, അപ്പോള്‍ മഞ്ഞക്കരു പൊട്ടാതെ ഭംഗിയായി പാത്രത്തിലേക്ക് എടുക്കാം.
എന്നാൽ എങ്ങനെ പിടിക്കുമ്പോഴാണ് മുട്ട എളുപ്പത്തിൽ പൊട്ടുന്നതെന്ന പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. ചരിച്ചുപിടിക്കുന്ന രീതിയിൽ തിരശ്ചീനമായി മുട്ട നിലത്തു വീഴുമ്പോൾ അത് പൊട്ടാനുള്ള സാധ്യത കുറവാണെന്നാണ് ഗവേഷകർ പറയുന്നത്. ഈ സമയം മുട്ടയുടെ ഉള്ളിൽ ചെറിയ ചലനം മാത്രമേ ഉണ്ടാകുകയുള്ളൂ.
മറ്റൊരു കാര്യം മുട്ട കടകളിലേക്കും മറ്റും പാക് ചെയ്യുന്നത് കണ്ടിട്ടില്ലേ. മുട്ടയുടെ അടിഭാഗത്തിന് ബലം കൂടുതലാണെന്നാണ് പൊതുവെ കരുതിയിരിക്കുന്നത്. അതിനാൽ അങ്ങനെയാണ് പാക്കു ചെയ്യുന്നതും. എന്നാൽ ഈ രീതിയും അത്ര ശരിയല്ലെന്നാണ് ഗവേഷകരുടെ വാദം. ലംബമായി വീഴുമ്പോൾ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇരുന്നൂറിലധികം മുട്ടകൾ നിലത്തിട്ടും അല്ലാതെയും നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടുപിടിത്തം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.