Environment

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

ഇണക്കായി പൂക്കളും തൂവലുകളും കൊണ്ട് മനോഹരമായാണ് ബോവർബേർഡ് കൂട് നിർമ്മിക്കുന്നത്. കൂടു നിർമ്മാണത്തിലെ വൈദഗ്‌ധ്യംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഈ പക്ഷികൾ. ആഴ്ചകളും മാസങ്ങളുമെടുത്താണ് ബോവറുകൾ ഇവ നിർമ്മിക്കപ്പെടുന്നത്.

അനേകം വിസ്മയങ്ങളടങ്ങിയതാണ് പക്ഷിലോകം. വ്യത്യസ്ത സവിശേഷതകളുള്ള അനേകം പക്ഷികൾ ഭൂമിയിലുണ്ട്. ഇക്കൂട്ടത്തിലെ അതിവ്യത്യസ്തനാണു ബോവർബേർഡ്. കലാകാരൻമാർ ആർട്ട് ഗാലറികളും ഇൻസ്റ്റലേഷനുകളുമൊക്കെ ഉണ്ടാക്കാറുണ്ടല്ലോ… ഇത്തരം നിർമിതികൾ ബോവർബേർഡും നടത്താറുണ്ട്. ബോവറുകൾ എന്നാണ് ഈ ഘടനകൾ അറിയപ്പെടുന്നത്. ഇവ കൂടുകളല്ല, മറിച്ച് ഇണകളെ ആകർഷിക്കാനുള്ള ഒരു തന്ത്രമാണ്. ഏറ്റവും നല്ല ബോവറുകളുണ്ടാക്കുന്ന ആൺപക്ഷികളുമായി പെൺപക്ഷികൾ പ്രണയത്തിലാകുകയും അവയെ തങ്ങളുടെ ഇണയാക്കുകയും ചെയ്യും.

21 മുതൽ 38 സെന്റിമീറ്റർ വരെ വലുപ്പമുള്ളവയാണ് ഈ പക്ഷികൾ. ബ്രൗൺ, ഒലീവ്, ചാരനിറങ്ങളിലുള്ള തൂവലുകൾ ഇവയ്ക്കുണ്ട്. ഏകദേശം 20 സ്പീഷിസിലുള്ള പക്ഷികൾ ബോവർബേർഡ് വിഭാഗത്തിലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ആൺപക്ഷികൾക്ക് പെൺപക്ഷികളെക്കാൾ കൂടുതൽ നിറവും തിളക്കവുമുള്ള തൂവലുകളുണ്ട്. ബോവറുകൾ നിർമിക്കുന്നത് ഇലകൾ, വൈക്കോൽ, പുല്ല് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ്. മനുഷ്യർ ഉപേക്ഷിച്ച ശേഷം വലിച്ചെറിഞ്ഞ ഭംഗിയുള്ള വസ്തുക്കളും ബോവറുകൾ നിർമിക്കാനായി ഈ പക്ഷികൾ എടുത്തുകൊണ്ട് വരാറുണ്ട്. നാണയങ്ങളും തിളങ്ങുന്ന മറ്റു വസ്തുക്കളുമൊക്കെ ഈ അലങ്കാര വസ്തുക്കളിൽ പെടും.

ബോവറുകൾ നിർമിക്കുക മാത്രമല്ല, അവ പെയ്ന്റ് ചെയ്യാനും ബോവർബേർഡുകൾ ശ്രദ്ധിക്കാറുണ്ട്. നിറമുള്ള ബെറി വിഭാഗത്തിൽപെട്ട ചവച്ചശേഷം അവയുടെ നീര് ഉപയോഗിച്ചും കരി ഉപയോഗിച്ചുമൊക്കെ അവർ കൂടുകൾ പെയ്‌ന്റ് ചെയ്യാറുമുണ്ട്. മറ്റൊരു കൗതുകകരമായ സ്വഭാവംകൂടി ബോവർബേർഡ് പുലർത്താറുണ്ട്. നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവാണ് ഇത്. ചില ബോവർബേർഡുകൾക്ക് ചില പ്രത്യേകനിറങ്ങളോട് താൽപര്യം കൂടുതലായിരിക്കും. ഈ നിറമുള്ള വസ്തുക്കൾ ഉപയോഗിച്ച് കൂടുകൾ അലങ്കരിക്കാനായിരിക്കും ഇവയ്ക്കിഷ്ടം.