Kerala

പിതാവിന്‍റെ മരണത്തില്‍ മകന് സംശയം; പിതാവിന്റെ ഖബർ തുറന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ പൊലീസ്

പിതാവിന്റെ മരണത്തിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ മരണത്തിലാണ് മകൻ സംശയം പ്രകടിപ്പിച്ചത്. തുറയൂർ ചരിച്ചിൽപള്ളി കബർസ്ഥാനിൽ അടക്കംചെയ്ത മുഹമ്മദിന്റെ (58) മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുക്കും.

വർഷങ്ങളായി ഒറ്റയ്ക്കുതാമസിക്കുന്ന മുഹമ്മദിനെ മേയ് 26-നാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. മുഹമ്മദിനെ വീടിനുപുറത്ത് കാണാതിരുന്നപ്പോൾ അയൽവാസിയായ സ്ത്രീ ജനാലയിലൂടെ നോക്കിയപ്പോഴാണ് കസേരയിൽ അനക്കമില്ലാതെ മുഹമ്മദ് ഇരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ എത്തുകയും വാതിൽ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നുവെന്ന് പറയുന്നു.

തുടർന്ന്, മൃതദേഹം, മുഹമ്മദിന്റെ അനുജന്റെ വീട്ടിലേക്ക് മാറ്റുകയും വൈകീട്ട് അടക്കം ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടിലെത്തിയ മകൻ മുഫീദ് പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു.

പിതാവ് മരിച്ചതായി കണ്ടെത്തിയ വീടിന്റെ വാതിൽ പൊളിച്ച നിലയിൽ കാണുന്നില്ലെന്നും മരിച്ചതിനുശേഷവും പിതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതുമായാണ് മകൻ മുഫീദ് പയ്യോളി പൊലീസിനോട് പരാതിപ്പെട്ടത്.

Latest News