Food

മുതിരയുണ്ടോ വീട്ടിൽ? ഒരു സൂപ്പ് ഉണ്ടാക്കിയാലോ?

വീട്ടിൽ മുതിരയുണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ ആരോഗ്യകരമായ ഒരു സൂപ്പ് തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഒരു കപ്പ് മുതിര
  • ഒരു ടീസ്പൂൺ കടലപരിപ്പ്
  • കറിവേപ്പില ആവശ്യത്തിന്
  • ഒരു സ്പൂൺ മല്ലി
  • ഒരു ടീസ്പൂൺ ജീരകം
  • മൂന്ന് ചുവന്ന മുളക്
  • ഒരു ടീസ്പൂൺ കുരുമുളക്
  • ഒരു കഷ്ണം കായം
  • കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
  • ഒരു തക്കാളി
  • ഒരു നെല്ലിക്കയുടെ വലിപ്പത്തിൽ ഉരുട്ടിയെടുത്ത പുളി

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി മുതിര കുറച്ചു നേരം വെള്ളത്തിൽ ഇട്ട് വച്ച ശേഷം കുക്കറിൽ വേവിച്ചെടുക്കുക. മുതിര നന്നായി വെന്തുടയുന്നത് വരെ വേവിക്കണം. ഇനി രസത്തിനു‍ള്ള പൊടി തയാറാക്കലാണ്. കടലപ്പരിപ്പ്, മല്ലി, ചുവന്ന മുളക്, ജീരകം, കറിവേപ്പില, കുരുമുളക് എന്നീ ചേരുവകൾ നന്നായി വറുത്ത് പൊടിക്കണം. ഈ സമയം പുളി വെള്ളത്തിൽ ഇട്ടുവെക്കണം. ഉപ്പും മഞ്ഞൾ പൊടിയും പാകത്തിന് ചേർത്ത് പുളി തിളപ്പിക്കുക. ഇതിലേക്ക് എടുത്തുവച്ച കുഞ്ഞു കഷ്ണം കായം ചേർക്കുക.

പുളി വേവായാൽ അതിലേക്ക് നന്നായി വെന്ത് ഉടച്ച് മുതിര കൂടി ചേർക്കുക. ഇനി തക്കാളിയും ആഡ് ചെയ്യാം. എല്ലാം നന്നായി മിക്സായി വന്നു ക‍ഴിയുമ്പോൾ രസം പൊടി ചേർക്കാം. ചെറുതായി തിളച്ചുവരുമ്പോൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മല്ലിയിലയോ കറിവേപ്പിലയോ ചേർത്ത് എടുക്കാം.

ഇത് ഉച്ചക്ക് ഊണിനൊപ്പമോ അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം സൂപ്പ് ആയോ കുടിക്കാം. ഒരുപാട് ആന്റി ഓക്സിഡൻറ് ഉള്ള പ്രതിരോധശേഷി നൽകുന്ന ഒന്നാണ് രസം. വയറിലെ പല പ്രശ്നങ്ങൾക്കും ഉത്തമമായ ഇത് ശരീരത്തിന്‍റെ അധികഭാരം കുറയ്ക്കുവാനും സഹായിക്കും.

 

Latest News