സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാൻ ആകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്.ഐ.ടി സാവകാശം തേടി. 10 ദിവസം ഹൈക്കോടതി അനുവദിച്ചു. 10 ദിവസത്തിനുശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സമർപ്പിക്കപ്പെട്ട ഏതാനും ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനുള്ള നടപടികൾ വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു.