Entertainment

‘മകളെ അഭിനയിക്കാന്‍ വിടുന്നതിന്റെ പേരില്‍ തങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്’; ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ അമ്മ

ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷക പ്രീതിയും ശ്രദ്ധയും നേടിയ സീരിയല്‍ ആയിരുന്നു ഉപ്പും മുളകും. ഉപ്പും മുളകും കുടുംബത്തെ ഇഷ്ടപ്പെടാത്തതായി ആരും കാണില്ല. അത്രയ്ക്ക് ഗംഭീര പ്രകടനമായിരുന്നു അതിലെ ഓരോ താരങ്ങളും. എന്നാല്‍ ആറുമാസം പ്രായമുളളപ്പോള്‍ തന്നെ മിനിസക്രീനിന് മുന്നിലെത്തി പ്രേക്ഷകരെ കൈയിലെടുത്ത ഒരു കൊച്ചു മിടുക്കി കൂടെയുണ്ടായിരുന്നു ഉപ്പും മുളകിലും. വേറെ ആരുമല്ല,നമ്മുടെ സ്വന്തം പാറുക്കുട്ടി തന്നെ. ബേബി അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ പേര്. സീരിയല്‍ പ്രേക്ഷകര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും പാറുക്കുട്ടിയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ പാറുക്കുട്ടിയും പാറുക്കുട്ടിയുടെ അമ്മയും ഒരുമിച്ചുള്ള പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. മകളെ അഭിനയിക്കാന്‍ വിടുന്നതിന്റെ പേരില്‍ തങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടെന്നും പാറുവിന്റെ അമ്മ ഗംഗാ ലക്ഷ്മി വെറൈറ്റി മീഡിയക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗംഗാ ലക്ഷ്മിയുടെ വാക്കുകള്‍…..

”മകളെ അഭിനയിക്കാന്‍ വിടുന്നതിന്റെ പേരില്‍ തങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. മകള്‍ ചെറിയ പ്രായം മുതല്‍ സമ്പാദിക്കാന്‍ തുടങ്ങി എന്നതില്‍ സന്തോഷമേയുള്ളു. എന്നാല്‍, കുഞ്ഞിനെ പണത്തിന് വേണ്ടി അഭിനയിപ്പിക്കുകയാണെന്ന് കരുതുന്നവരുമുണ്ട്. മോളുടെ പണം കൊണ്ട് ഞങ്ങള്‍ ജീവിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനം വരാറുണ്ട്. ഞങ്ങള്‍ ജോലിയും മറ്റു പല കാര്യങ്ങളും ഉപേക്ഷിച്ചിട്ടാണ് മോളുടെ ഷൂട്ടിന് വേണ്ടി സമയം കണ്ടെത്തുന്നത്. മോള്‍ക്ക് ഒരു വരുമാനം വരുന്നുവെന്നത് വലിയ കാര്യം തന്നെയാണ്. പക്ഷേ, ആ പണത്തിന് വേണ്ടിയാണ് ഞങ്ങള്‍ മോളെ അഭിനയിപ്പിക്കാന്‍ വിടുന്നതെന്ന തരത്തില്‍ കമന്റുകള്‍ വരുമ്പോള്‍ സങ്കടം തോന്നും. നാലര മാസം പ്രായമുള്ളപ്പോഴാണ് മോള്‍ ആദ്യത്തെ സീനില്‍ അഭിനയിച്ചത്. ആ സീന്‍ ഞങ്ങള്‍ക്ക് നല്ല ഓര്‍മയുണ്ട്. ഏറ്റവും ഇഷ്ടമുള്ളതും ആ സീനാണ്. ഞങ്ങള്‍ക്ക് ഈ മേഖലയെ കുറിച്ച് വലിയ അറിവൊന്നുമില്ല. അതുകൊണ്ട് തന്നെ ഒരു ആറ് മാസംനോക്കാമെന്ന് കരുതിയാണ് കുഞ്ഞിനെ അഭിനയിപ്പിക്കാന്‍ കൊണ്ടുചെന്നത്. മോള്‍ക്ക് നല്ല കെയറും സപ്പോര്‍ട്ടും അവിടെ കിട്ടിയതുകൊണ്ടാണ് ഞങ്ങള്‍ ഈ ഫീല്‍ഡില്‍ തന്നെ തുടര്‍ന്നത്. ലൊക്കേഷനില്‍ പത്ത് മണിക്ക് എത്തിയാല്‍ മതിയായിരുന്നു. നാല് മണിക്ക് തിരികെ പോവുകയും ചെയ്യാം. കുഞ്ഞിന്റെ ഉറക്കം അടക്കം എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടായിരുന്നു ഷൂട്ടിങ്ങ്. ലൊക്കേഷനില്‍ വെച്ച് ഒരു അസുഖം പോലും കുഞ്ഞിന് വന്നിട്ടില്ല. ഞാന്‍ എടുത്തതിനേക്കാള്‍ കൂടുതല്‍ നിഷ ചേച്ചിയാണ് പാറുവിനെ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അവള്‍ക്ക് നിഷ ചേച്ചിയോട് ഒരു ഇഷ്ട കൂടുതലുമുണ്ട്”.