Music

പുതിയ ഗാനങ്ങളുടെ നിർമാണം ‘കോൾഡ് പ്ലേ’ നിർത്തുന്നു; വെളിപ്പെടുത്തലുമായി ക്രിസ് മാർട്ടിൻ

പ്രമുഖ റോക്ക് ബാൻഡായ ‘കോൾഡ് പ്ലേ’ പുതിയ ഗാനങ്ങളുടെ നിർമാണം നിർത്തുന്നു. ബാൻഡിലെ ഗായകനും പിയാനിസ്റ്റുമായ ക്രിസ് മാർട്ടിനാണ് ഇക്കാര്യം ആരാധകരോട് വെളിപ്പെടുത്തിയത്. ക്രിസ് മാർട്ടിൻ, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ, ജോണി ബക്ക്‌ലാൻഡ്, ഫിൽ ഹാർവി എന്നിവരടങ്ങുന്ന ബാൻഡിന് ലോകമെങ്ങും ആരാധകരുണ്ട്.

പുതിയ രണ്ട് ആൽബങ്ങൾ കൂടിയെ കോൾഡ് പ്ലേയുടേതായി പുറത്തിറക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ 12 ആൽബങ്ങൾ മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. കുറച്ച് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഞങ്ങളുടെ ചില വിമർശകർക്ക് ഇത് പോലും കൂടുതലായി തോന്നാം. ഒരു പരിധി വയ്ക്കുന്നത് എപ്പോഴും നല്ലതാണ്’, ക്രിസ് മാർട്ടിൻ പറഞ്ഞു.

ഇതുവരെ ഒമ്പത് ആൽബങ്ങളാണ് കോൾഡ്‌ പ്ലേ പുറത്തിറക്കിയത്. ‘പാരച്യൂട്ട്സ്’, ‘എ റഷ് ഓഫ് ബ്ലഡ് ടു ദി ഹെഡ്’, ‘എക്സ് & വൈ’, ‘വിവ ലാ വിഡ ഓർ ഡെത്ത് ആൻഡ് ഓൾ ഹിസ് ഫ്രണ്ട്സ്’, ‘മൈലോ സൈലോട്ടോ’, ‘ഗോസ്റ്റ് സ്റ്റോറീസ്’, ‘എ ഹെഡ് ഫുൾ ഓഫ് ഡ്രീംസ്’, ‘എവരിഡേ ലൈഫ്’, ‘മ്യൂസിക് ഓഫ് ദി സ്‌ഫിയേഴ്‌സ്’ എന്നിവയാണ് ആൽബങ്ങൾ. ബാൻഡിന്റെ പുതിയ ആൽബം ‘മൂൺ മ്യൂസിക്’ ഒക്ടോബർ നാലിന് പുറത്തിറങ്ങും. കരിയറിന്റെ ഈ ഘട്ടത്തിൽ ബാൻഡ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ക്രിസ് വ്യക്തമാക്കി.

1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ് പ്ലേയ്ക്ക് രൂപം നൽകുന്നത്. പെക്റ്റൊറൽസ് എന്നായിരുന്നു കോൾഡ് പ്ലേയുടെ ആദ്യത്തെ പേര്. തുടർന്ന് ഗയ് ബെറിമാൻ കൂടി ബാൻഡിന്റെ ഭാഗമായതോടെ പേരിൽ മാറ്റം വരുത്താൻ സംഘം തീരുമാനിച്ചു. അങ്ങനെ അവർ സ്റ്റാർഫിഷ് എന്ന പേരിലേക്കു മാറി. വിൽ ചാംപ്യൻ കൂടി ഗായക സംഘത്തിലേക്ക് എത്തിയതോടെ 1998 കോൾഡ് പ്ലേ എന്ന ഔദ്യോഗിക പേരിൽ ബാൻഡ് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു തുടങ്ങി. കോൾഡ് പ്ലേയുടെ ‘യെല്ലോ’ എന്ന സിംഗിൾ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയാണ് ‘യെല്ലോ’യും കോൾഡ് പ്ലേയും യാത്ര തുടങ്ങിയത്. പിന്നീടിങ്ങോട്ട് ആൽബങ്ങളുടെയും പുരസ്കാരങ്ങളുടെയും പെരുമഴ തന്നെയായിരുന്നു.

 

 

 

 

Latest News