തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ മ്യൂസിയം പൊലീസ് കളളക്കേസില്‍ കുടുക്കിയെന്ന് പരാതി. ആധാരവും ചെക്കുകളും തട്ടിയെടുത്തത് പരാതിപ്പെട്ട ഹിന്ദ് ലിയാഖത്ത് എന്ന യുവതിയെ കളളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്ന് പരാതി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയെയാണ് അറസ്റ്റ് ചെയ്ത് 22 ദിവസം ജയിലിലടച്ചത്. മ്യൂസിയം എസ്‌ഐ ജിസി വിപിൻ, തട്ടിപ്പുകാരനായ ഇടനിലക്കാരന്‍ അജയ് ഘോഷ് എന്നിവര്‍ക്കെതിരെ യുവതിയും കുടുംബവും ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എസ്‌ഐയും തട്ടിപ്പുകാരനും ചേര്‍ന്ന് തന്നോട് പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് പരാതിക്കാരി ഹിന്ദ് ലിയാഖത്ത് പറഞ്ഞു.
സൗദി അറേബ്യയില്‍ ജനിച്ചുവളര്‍ന്ന ഹിന്ദ് ലിയാഖത്ത് 5 വര്‍ഷം മുന്‍പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെ ഒരു ധനകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ബിസിനസ് തുടങ്ങാനുളള ആവശ്യത്തിന് സ്വന്തം പേരിലുളള ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഭൂമി പണയപ്പെടുത്തി വായ്പ്പയെടുത്ത് തരാമെന്ന് പറഞ്ഞാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തക വഴി അജയ് ഘോഷിനെ പരിചയപ്പെടുന്നത്. വട്ടിയൂര്‍ക്കാവ് കെഎസ്എഫ്ഇ വഴി വായ്പ്പ സംഘടിപ്പിക്കാനായി ഭൂമിയുടെ ആധാരവും ചെക്ക് ലീഫുമടക്കം എല്ലാ രേഖകളും കൈമാറി. പറഞ്ഞ പേപ്പറുകളിലെല്ലാം ഒപ്പിട്ടുനല്‍കി. വായ്പ്പ കിട്ടാതായതോടെ ഹിന്ദ് രേഖകള്‍ തിരിച്ചുചോദിച്ചു. ഇതോടെ അജയ് ഘോഷ് ഭീഷണി തുടങ്ങി. ഹണി ട്രാപ്പില്‍ കുടുക്കുമെന്നും മ്യൂസിയം പൊലീസില്‍ തനിക്ക് വലിയ ബന്ധങ്ങളുണ്ടെന്നും അജയ് ഘോഷ് ഹിന്ദിനോട് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.
ഇതോടെ ഭൂമിയുടെ ആധാരവും ചെക്ക് ലീഫുകളും അജയ് ഘോഷ് ദുരുപയോഗം ചെയ്യുമെന്ന ഭയത്തില്‍ മ്യൂസിയം പൊലീസില്‍ ഹിന്ദ് പരാതി നല്‍കി. എന്നാല്‍ കേസെടുത്തില്ല. തുടര്‍ന്ന് യുവതി പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി മൊഴി നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. ദിവസങ്ങളോളം പോയെങ്കിലും മൊഴിയെടുത്തില്ല. മെയ് പതിനാലിന് സ്റ്റേഷനിലെത്തി. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹിന്ദ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വര്‍ണം തിരിച്ചുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് നേരത്തെ സ്ഥാപനത്തില്‍ ജോലി ചെയ്തയാള്‍ പരാതിയുമായെത്തി. സ്വര്‍ണ ഇടപാടുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദിനെ പ്രതിയാക്കി, ഒരു അന്വേഷണവും നടത്താതെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. 22 ദിവസം കഴിഞ്ഞാണ് അവര്‍ ജയില്‍മോചിതയായത്. ഹിന്ദിന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന അജയ് ഘോഷിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
















