തദ്ദേശസ്ഥാപനങ്ങള്‍ക്കും സഹകരണ വകുപ്പിനും കീഴില്‍ വെറുതേകിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക് ഉതകുംവിധം വികസിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന കാര്യം വ്യവസായ വകുപ്പ് ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് പറഞ്ഞു. കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ (സിഡ്‌കോ) ഏറ്റുമാനൂര്‍ വ്യവസായ എസ്‌റ്റേറ്റില്‍ ആരംഭിച്ച ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 37 സ്വകാര്യ പാര്‍ക്കുകള്‍ക്ക് ഈ സര്‍ക്കാര്‍ ഇതിനോടകം അനുമതി നല്‍കിക്കഴിഞ്ഞു. 11 ക്യാംപസ് വ്യവസായ പാര്‍ക്കുകളും ഉടനെ ഉദ്ഘാടനം ചെയ്യും. ഏറ്റമാനൂരില്‍ കേന്ദ്ര വ്യവസായ വകുപ്പിനു കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന പത്ത് ഏക്കര്‍ ഭൂമി ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് കേന്ദ്രവുമായി ആവശ്യമായ ആശയവിനിമയം നടത്തും.
സിഡ്‌കോയെപ്പറ്റി നേരത്തേ ആളുകള്‍ക്കിടയില്‍ അഴിമതി നിറഞ്ഞ സ്ഥാപനമെന്ന ദുഷ്‌പേര് ഉണ്ടായിരുന്നുവെന്നും അത് മാറ്റിയെടുക്കാന്‍ ഇപ്പോള്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിഡ്‌കോ ഇപ്പോള്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും എംഡിമാരുടെ നിയമനം പൂര്‍ണമായും റിക്രൂട്‌മെന്റ് ബോര്‍ഡ് വഴിയാക്കി. താല്‍പര്യങ്ങളുടെ പുറത്ത് ആരേയും നിയമിക്കില്ല. പുതുതായി നിയമിക്കപ്പെടുന്ന എംഡിമാര്‍ക്ക് ഒരു വര്‍ഷം പ്രൊബേഷന്‍ കാലാവധിയായിരിക്കും. അതിനുശേഷമാണ് അവര്‍ക്ക് രണ്ടുവര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിക്കൊടുക്കുക. ഒരു ജോലിയും ഇല്ലാതിരിക്കുന്നവര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമില്ല. പൊതുമേഖല സ്ഥാപനങ്ങളെയെല്ലാം ലാഭത്തിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കേരളം ലക്ഷ്യംവച്ചതിലുമേറെ സംരംഭങ്ങളും നിക്ഷേപകരും ഇപ്പോള്‍ കടന്നുവരികയാണെന്നും പുതിയ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖ, സഹകരണ, ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതോടെ സംസ്ഥാനത്ത് വ്യവസായ മേഖലയില്‍ ഒട്ടേറെ സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട സംരംഭങ്ങളുടെ ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ അവസാനിക്കണമെന്നത് എല്ലാവരുടേയും ആഗ്രഹമായിരുന്നെന്നും ഇപ്പോള്‍ അക്കാര്യത്തില്‍ ആശാവഹമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഫ്രാന്‍സിസ് ജോര്‍ജ് എം.പി പറഞ്ഞു. മാനേജ്‌മെന്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഉത്തരവാദിത്തം കാണിക്കണമെന്നും ട്രേഡ് യൂണിയനുകള്‍ ആത്മപരിശോധന നടത്തിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സംരംഭം തുടങ്ങാന്‍ പലര്‍ക്കും ഭയമായിരുന്നുവെന്നും അതിനു മാറ്റം വരാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
വ്യവസായ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ്, സിഡ്‌കോ ചെയര്‍മാന്‍ സി.പി. മുരളി, മാനേജിംഗ് ഡയറക്ടര്‍ ആര്‍. ജയശങ്കര്‍, കിന്‍ഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ ചെയര്‍മാന്‍ അജിത്ത് കുമാര്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, തുടങ്ങിയവര്‍ പങ്കെടുത്തു.