തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻറ് ടെക്നോളജിയിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളെ മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദേശം നൽകി. ഇന്നു മുതൽ ഉപകരണങ്ങൾ ലഭ്യമാക്കാമെന്ന് അമൃത്ഫാർമസി ഉറപ്പ് നൽകി.
ഡോക്ടർമാർ മാസങ്ങൾക്ക് മുമ്പ് ഉപകരണങ്ങളുടെ ദൗർലഭ്യം ഡയറക്ടറെ അറിയിച്ചിരുന്നു. എന്നാൽ നടപടി കടലാസിലൊതുങ്ങി. ശസ്ത്രക്രിയകൾ മുടങ്ങി പ്രതിഷേധങ്ങൾ ശക്തമായതോടെ എച്ച്എൽഎല്ലിന്റെ അമൃത് ഫാർമസിയിൽനിന്ന് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചു. പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.