Kerala

പ്രതിയെ കണ്ടെത്തുന്നതിനിടെ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെത്തി; മൂന്നുപേർ പിടിയിൽ – pothencode police raid

ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതിയെ കണ്ടെത്തുന്നതിനിടെ പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് തോക്കും കഞ്ചാവും കള്ളനോട്ടും കണ്ടെത്തി. ഇടത്താട് രാംവിവേകിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടും തോക്കും ഉള്‍പ്പെടെ കണ്ടെടുത്തത്. സംഭവത്തിൽ രാംവിവേക്, അഭിന്‍ലാല്‍, റിഷിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ തേടിയാണ് പോത്തന്‍കോട്, നെടുമങ്ങാട് പോലീസ് സംയുക്തമായി വീട്ടില്‍ റെയ്ഡിനെത്തിയത്. ഇയാള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് പോലീസ് രാംവിവേകിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുക്കുകയായിരുന്നു.

രാംവിവേക് ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന മൂന്ന് യുവാക്കളെയും ഒരു യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യംചെയ്തശേഷം വിട്ടയച്ചു. പിടിയിലായവരെല്ലാം ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ മറ്റൊരിടത്തുനിന്ന് നെടുമങ്ങാട് പോലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

STORY HIGHLIGHT: pothencode police raid