ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്. മരിച്ചവരിൽ പിഞ്ചുകുഞ്ഞും 3 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു.
തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക്, ജസ്ന കുറ്റിക്കാട്ടുചാലിൽ, ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ, ടൈറ റോഡ്രിഗ്വസ്, റൂഹി മെഹ്റിൽ മുഹമ്മദ് എന്നിവരാണ് മരിച്ചത്. കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
14 മലയാളികളും കർണാടക, ഗോവൻ സ്വദേശികളും സംഘത്തിലുണ്ടെന്നാണു വിവരം. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമടക്കം 32 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന.
STORY HIGHLIGHT: kenya road accident
















