Automobile

വില 10 ലക്ഷത്തിൽ താഴെ; 15 ഓട്ടമാറ്റിക് ഹാച്ച്ബാക്കുകൾ പരിചയപ്പെടാം…

ഇന്ത്യന്‍ വിപണിയില്‍ ഓട്ടമാറ്റിക് വാഹനങ്ങള്‍ക്ക് വൻ സ്വീകാര്യതയാണ്. കുറഞ്ഞ വിലയില്‍ ലഭ്യമായ ഓട്ടമാറ്റിക് കാറുകള്‍ പ്രത്യേകിച്ച് ഹാച്ച്ബാക്കുകളില്‍ നിരവധിയാണ്. മാരുതി സുസുക്കി എസ് പ്രസോ, മാരുതി സുസുക്കി സെലേറിയോ, മാരുതി സുസുക്കി ഓള്‍ട്ടോ കെ10 , മാരുതി സുസുക്കി വാഗണ്‍ ആര്‍ തുടങ്ങി പത്തു ലക്ഷം രൂപ(എക്‌സ് ഷോറൂം)യില്‍ താഴെ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായ ഹാച്ച്ബാക്കുകളെ പരിചയപ്പെടാം.

ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായി ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായ കാറാണ് റെനോ ക്വിഡ്. മിഡ് സ്‌പെക്കില്‍ പെടുന്ന ആര്‍എക്‌സ്എല്‍(ഒ) മോഡൽ മുതലാണ് ക്വിഡില്‍ ഓട്ടമാറ്റിക് ലഭ്യമായിട്ടുള്ളത്. 5 സ്പീഡ് എഎംടി യൂണിറ്റ് 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നു. 69 എച്ച്പി കരുത്തും പരമാവധി 92.5എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 5.55 ലക്ഷം മുതല്‍ 6.45 ലക്ഷം രൂപ വരെ.

മാരുതി സുസുക്കി എസ് പ്രസോ

മാരുതിയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലാണ് എസ് പ്രസോ. 5 സ്പീഡ് എഎംടി ഉയര്‍ന്ന രണ്ട് മോഡലുകളില്‍ ലഭ്യമാണ്. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 69 എച്ച്പി കരുത്തും പരമാവധി 91 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ക്വിഡിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റിനെക്കാൾ എസ് പ്രസോയുടെ ഉയര്‍ന്ന മോഡലിന് 45,000 രൂപ കുറവാണ്. വില 5.72 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെ.

മാരുതി സുസുക്കി ഓള്‍ട്ടോ കെ10

മാരുതി സുസുക്കിയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ മോഡലുകളിലൊന്ന്. 5 സ്പീഡ് എഎംടി ഉയര്‍ന്ന മോഡലുകളായ വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ+ എന്നിവയില്‍ ലഭ്യമാണ്. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 67 എച്ച്പി കരുത്തും 89 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 5.81 ലക്ഷം മുതല്‍ 6.10 ലക്ഷം രൂപ വരെ.

മാരുതി സുസുക്കി സെലേറിയോ

മാരുതി സുസുക്കി സെലേറിയോയുടെ വിഎക്‌സ്‌ഐ, ZXi, ZXi+ മോഡലുകളിലാണ് 5 സ്പീഡ് എഎംടിയുള്ളത്. 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 69 എച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ലീറ്ററിന് 26.68 കിലോമീറ്ററാണ് ഇന്ധനക്ഷമത. വില 6.50 ലക്ഷം മുതല്‍ 7.37 ലക്ഷം രൂപ വരെ.

മാരുതി സുസുക്കി വാഗണ്‍ ആര്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുള്ള മോഡലാണ് വാഗണ്‍ ആര്‍. 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോളും 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോളുമാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ടിലും 5 സ്പീഡ് എഎംടി ലഭ്യമാണ്. വിഎക്‌സ്‌ഐ, ZXi, ZXi+ മോഡലുകളിലാണ് ഓട്ടമാറ്റിക് സൗകര്യമുള്ളത്. 1.0 ലീറ്റര്‍ എന്‍ജിന്‍ 69 എച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.2 ലീറ്റര്‍ എന്‍ജിനാവട്ടെ 91 എച്ച്പി കരുത്തും പരമാവധി 114 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 6.74 ലക്ഷം മുതല്‍ 7.50 ലക്ഷം രൂപ വരെ.

മാരുതി സുസുക്കി ഇഗ്നിസ്

മാരുതി സുസുക്കി നെക്‌സ ലൈന്‍ അപ്പിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍. 5 സ്പീഡ് എഎംടി ഇഗ്നിസിന്റെ സിഗ്മയില്‍ ഒഴികെ എല്ലാ മോഡലുകളിലും മാരുതി സുസുക്കി ലഭ്യമാക്കിയിട്ടുണ്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 83 എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 6.89 ലക്ഷം മുതല്‍ 8.12 ലക്ഷം രൂപ വരെ.

ടാറ്റ ടിയാഗോ

5 സ്പീഡ് എഎംടിയാണ് ടിയാഗോയില്‍ ടാറ്റ നല്‍കുന്നത്. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ 86എച്ച്പി കരുത്തും പരമാവധി 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എക്‌സ്ടിഎ, XZA മോഡലുകളിലാണ് ഓട്ടമാറ്റിക് സൗകര്യമുണ്ട്. ടിയാഗോ എന്‍ആര്‍ജിയിലെ XZA മോഡലുകളിൽ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. വില 6.90 ലക്ഷം മുതല്‍ 8.85 ലക്ഷം രൂപ വരെ. ടിയാഗോയുടെ സിഎന്‍ജി വേരിയന്റിലും എഎംടി ഗിയര്‍ബോക്‌സ് വരുന്നുണ്ട്. സിഎന്‍ജിയില്‍ എക്‌സ്ടിഎ, XZA, XZA NRG മോഡലുകളിലാണ് ഓട്ടമാറ്റിക് സൗകര്യമുള്ളത്. ഇന്ത്യയില്‍ സിഎന്‍ജിയില്‍ ഓട്ടമാറ്റിക് ഉള്ള ഏക ഹാച്ച്ബാക്കാണ് ടിയാഗോ.

എംജി കോമറ്റ് ഇവി

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള ഇവിയാണ് എംജി കോമറ്റ്. ഇവി പവര്‍ട്രെയിനായതിനാല്‍ ഡ്രൈവിങ് ഗിയറുകളുടെ ആവശ്യമില്ല എംജി കോമറ്റ് ഇവിക്ക്. എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലുസിവ് എന്നിങ്ങനെ മൂന്നു മോഡലുകളിലെത്തുന്നു. 17.3 കിലോവാട്ട്, സിംഗിള്‍ മോട്ടോര്‍ 42 എച്ച്പി കരുത്തും പരമാവധി 110 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 7.36 ലക്ഷം മുതല്‍ 9.41 ലക്ഷം രൂപ വരെ.

ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്

ഹ്യുണ്ടേയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ഗ്രാന്‍ഡ് ഐ10 നിയോസില്‍ 5 സ്പീഡ് എഎംടിയാണുള്ളത്. മാഗ്ന, കോര്‍പറേറ്റ്, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ്(ഒ), അസ്ത മോഡലുകളിൽ ഈ ഓട്ടമാറ്റിക് സൗകര്യമുണ്ട്. 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 83 എച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 7.49 ലക്ഷം മുതല്‍ 8.66 ലക്ഷം രൂപ വരെ.

മാരുതി സ്വിഫ്റ്റ്

നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ(ഒ), ZXI, ZXI+ മോഡലുകളിൽ ഓട്ടമാറ്റിക് സൗകര്യമുണ്ട്. പുതിയ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 82എച്ച്പി കരുത്തും 112എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 7.80 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെ.

ടാറ്റ ടിയാഗോ ഇവി

കോമറ്റിനെ പോലെ ടിയാഗോ ഇവിയിലും സിംഗിള്‍ സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് എല്ലാ മോഡലുകളിലുമുള്ളത്. 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. ചെറുത് 61 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വലിയ ബാറ്ററി 75 എച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 7.99 ലക്ഷം മുതല്‍ 11.14 ലക്ഷം രൂപ വരെ.

മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കുകളിലൊന്ന്. 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. ഡെല്‍റ്റ, സെറ്റ, ആല്‍ഫ വകഭേദങ്ങളില്‍ ഓട്ടമാറ്റിക് സൗകര്യമുണ്ട്. 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ 90എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 8.04 ലക്ഷം മുതല്‍ 9.92 ലക്ഷം രൂപ വരെ.

ടാറ്റ ആള്‍ട്രോസ്

എഎംടി അല്ലാത്ത ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായെത്തുന്ന ഈ പട്ടികയിലെ ആദ്യ മോഡല്‍. ആള്‍ട്രോസിന്റെ പ്യുര്‍, പ്യുര്‍ എസ്, ക്രിയേറ്റീവ്, ക്രിയേവറ്റീവ് എസ് എന്നീ വകഭേദങ്ങളില്‍ 5 സ്പീഡ് എഎംടിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്രിയേറ്റീവ് എസ് മുതലുള്ള വകഭേദങ്ങളില്‍ 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ്(ഡിസിഎ) നല്‍കിയിട്ടുള്ളത്. ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണുള്ളത്. 88എച്ച്പി കരുത്തും പരമാവധി 115എന്‍എം ടോര്‍ക്കും പുറത്തെടുക്കും. വില 8.29 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെ.

ടൊയോട്ട ഗ്ലാന്‍സ

മാരുതി സുസുക്കി ബലേനോയുടെ ടൊയോട്ട റീബാഡ്ജ്ഡ് വകഭേദമാണ് ഗ്ലാന്‍സ. 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനാണ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 90 എച്ച്പി കരുത്തും 113എന്‍എം ടോര്‍ക്കും പുറത്തെടുക്കു എസ്, ജി, വി മോഡലുകളില്‍ ഓട്ടമാറ്റിക് സൗകര്യമുണ്ട്. വില 8.34 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ.

ഹ്യുണ്ടേയ് ഐ20

സിവിടി ഗിയര്‍ബോക്‌സിലാണ് ഹ്യുണ്ടേയ് ഐ20യുടെ വരവ്. 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 83എച്ച്പി കരുത്തും 115 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. മാഗ്ന, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ്(ഒ), അസ്ത(ഒ) മോഡലുകളില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. വില 8.89 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപ വരെ.