Movie News

തലയുടെ വിളയാട്ടം കേരളത്തിന് പുറത്തും!!

മോഹൻലാൽ ചിത്രത്തിൻ റെക്കോർഡ് കളക്ഷൻ എന്ന വാർത്ത അത്ര പുതുമയൊന്നുമല്ല… എന്നാൽ ഒരു റീ റിലീസ് ചിത്രം തിയേറ്ററുകൾ പൂര പറമ്പാക്കുന്നു എന്നത് ഒരു വാർത്ത തന്നെയാണ്. അതെ തലയും പിള്ളേരും തകർക്കുകയാണ്. മലയാളത്തിലെ റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ആക്ഷന്‍ കോമഡി ചിത്രം ജൂണ്‍ 6 വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഛോട്ടാ മുംബൈ ആവേശം കേരളത്തിന് പുറത്ത് കൂടുതല്‍ നഗരങ്ങളിലേക്കും എത്തുകയാണ്. ഹൈദരാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫാന്‍സ് ഷോ സംബന്ധിച്ച റിപ്പോര്‍ട്ട് ആണ് ഇതില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയിരിക്കുന്നത്.

കേരളത്തിന് പുറത്ത് ബെംഗളൂരുവില്‍ മാത്രമാണ് ചിത്രം റീ റിലീസ് ചെയ്യപ്പെട്ടിരുന്നത്. സോഷ്യല്‍ മീഡിയയിലെ ആഘോഷ വീഡിയോകള്‍ക്ക് താഴെ മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമൊക്കെയുള്ള സിനിമാപ്രേമികള്‍ ചിത്രം തങ്ങളുടെ ഭാഗത്ത് റിലീസ് ചെയ്യപ്പെടാത്തതിലുള്ള നിരാശ പങ്കുവെക്കുന്നുണ്ട്. ഹൈദരാബാദില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫാന്‍സ് ഷോ ജൂണ്‍ 13 ന് വൈകിട്ട് 8 മണിക്കാണ്. ഹൈദരാബാദ് അപ്സര സിനിമാസിലാണ് ഷോ. ഏഴ് മണിക്കൂറിനുള്ളില്‍ ഈ ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി എന്നതാണ് സത്യം. മുന്‍പ് എമ്പുരാന്‍റെ ഫാന്‍സ് ഷോകളും ഹൈദരാബാദില്‍ നടന്നിരുന്നു. ഇതിന്‍റെ ടിക്കറ്റുകള്‍ 3 ദിവസം കൊണ്ടാണ് വിറ്റുതീര്‍ന്നതെങ്കില്‍ ഛോട്ടാ മുംബൈ ടിക്കറ്റുകള്‍ വിറ്റപോയത് 7 മണിക്കൂറിലാണ്. എമ്പുരാന്‍റെ 2 ഫാന്‍സ് ഷോകളാണ് ഹൈദരാബാദില്‍ നടന്നതെങ്കില്‍ ഛോട്ടാ മുംബൈയുടേത് ഒരു ഷോ ആണ്.

അതേസമയം അഞ്ച് ദിവസം കൊണ്ട് റീ റിലീസില്‍ ചിത്രം 2.38 കോടി നേടിയിട്ടുണ്ട്. 38 ലക്ഷമാണ് ചൊവ്വാഴ്ച നേടിയ കളക്ഷന്‍. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.