കേരളം ഉൾപ്പെടെ കർണാടക, ഗോവ, മഹാരാഷ്ട്ര പശ്ചിമ തീരങ്ങളിൽ ഇനിയുള്ള 7-8 ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടാതെ തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണിയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴിയും അറബിക്കടലിൽ കാലവർഷക്കാറ്റും പതിയെ ശക്തി പ്രാപിക്കുന്നുണ്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ ഈ മണിക്കൂറുകളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യയുണ്ട്. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.