വളരെ അപൂർവമായി മാത്രം കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് അപെൻഡിക്‌സ് കാൻസർ. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമേ രോഗം പിടിപെടാറുണ്ടായിരുന്നുള്ളു എന്ന് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ സമീപകാലത്തെ ചില കണ്ടെത്തലുകൾ വളരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വിടുന്നത്. യുവാക്കൾക്കിടയിൽ അപെൻഡിക്‌സ് കാൻസർ ഗണ്യമായി വർധിച്ചു വരുന്നുവെന്നാണ് ഈ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.
1985 നും 1990 നും ഇടയ്ക്ക് ജനിച്ച ആളുകളിൽ മുമ്പത്തേതിനേക്കാൾ നാലിരട്ടി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് അന്നൽസ് ഓഫ് ഇന്‍റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. 1980 നും 1985 ഇടയിൽ ജനിച്ചവരിൽ മൂന്നിരട്ടിയാണ് വർധനയെന്നും പഠനത്തിൽ പറയുന്നു. അപെൻഡിക്‌സ് കാൻസറിന്‍റെ ലക്ഷണങ്ങൾ ആദ്യ ഘട്ടത്തിൽ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. ദഹനനാള പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളുമായി സമാനമായതിനാൽ പലപ്പോഴും അപെൻഡിക്‌സ് കാൻസർ മറ്റ് അവസ്ഥകളാണെന്ന് തെറ്റുധരിക്കുന്നു. ആദ്യ ഘട്ടത്തിലെ കണ്ടെത്താനായാൽ അപെൻഡിക്‌സ് കാൻസറിനെ പൂർണമായും അതിജീവിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയിന്നു.
അപെൻഡിക്‌സ് കാൻസറിന്‍റെ കാരണങ്ങൾ
1. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടാകുന്ന മാറ്റം
ജീവിതത്തിലെ പലതരത്തിലുള്ള തിരക്കുകൾ കാരണം ജീവിതശൈലിയിൽ വലിയ മാറ്റങ്ങളാണ് ചുരുങ്ങിയ കാലത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇത് അപെൻഡിക്‌സ് കാൻസറിന്‍റെ സാധ്യത വർധിപ്പിക്കും. സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പൊണ്ണത്തടി, വർധിച്ച സ്ക്രീൻ സമയം എന്നിവയെല്ലാം അപെൻഡിക്‌സ് കാൻസറിന് കാരണമാകുന്ന ഘടകങ്ങളാണ്.
2. പാരിസ്ഥിതിക വിഷവസ്‌തുക്കൾ
കുടിവെള്ളത്തിൽ കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്, ക്ലീനിങ് ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്‌തുക്കൾ, കീടനാശിനികൾ ഉപയോഗിച്ച് കൃഷി ചെയ്‌ത ഭക്ഷണങ്ങൾ എന്നിവയെല്ലാം അപെൻഡിക്‌സ് കാൻസർ സാധ്യത വർധിപ്പിക്കാൻ കരണമാകുന്നവയാണ്.
3. ജനിതകഘടകങ്ങൾ
ലിഞ്ച് സിൻഡ്രോം, ഫാമിലി അഡിനോമാറ്റസ് പോളിപോസിസ് എന്നിവ പോലുള്ള പാരമ്പര്യ അവസ്ഥകൾ ചില ആളുകളിൽ അപെൻഡിക്‌സ് കാൻസർ സാധ്യത വർധിപ്പിക്കും. അപെൻഡിക്‌സ് കാൻസറിന് പുറമെ മറ്റ് കാൻസർ സാധ്യത വർധിക്കാനും ഇത് കാരണമായേക്കാം.
അപെൻഡിക്‌സ് കാൻസറിന്‍റെ ലക്ഷണങ്ങൾ
അടിവയറ്റിൽ വലതുഭാഗത്തായി വേദന
അടിവയറ്റിലെ വലതുവശത്ത് സ്ഥിരമായോ ഇടവിട്ടുള്ളതോ ആയ വേദന അനുഭവപ്പെട്ടേക്കാം. അപെൻഡിസൈറ്റിസിന്‍റെ ഭാഗമായുണ്ടാകുന്ന കഠിനമായ വേദനയിൽ നിന്ന് വ്യത്യസ്‌തമായി തുടർച്ചയായ വേദനയും അസ്വസസ്ഥതയും നേരിട്ടേക്കാം.
മലവിസർജന ശീലങ്ങളിലെ മാറ്റങ്ങൾ
അപെൻഡിക്‌സ് ട്യൂമറുകൾ മലവിസർജ്ജനത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. വിശദീകരിക്കാനാകാത്ത മലബന്ധം, വയറിളക്കം, ഇടയ്ക്കിടെയുള്ള മലവിസർജ്ജനം എന്നിവയെല്ലാം അപെൻഡിക്‌സ് കാൻസറിന്‍റെ ലക്ഷണങ്ങളാണ്. അപെൻഡിക്‌സ് വൻകുടലുമായി ബന്ധപ്പെട്ടിരിക്കുന്നതതിനാൽ ചെറിയ മുഴകൾ പോലും കുടലിനെ ബാധിച്ചേക്കും.
വയറു വീർക്കൽ
ചിലതരം അപെൻഡിക്‌സ് കാൻസർ, പ്രത്യേകിച്ച് മ്യൂസിനസ് അഡിനോകാർസിനോമ പോലുള്ളവ മ്യൂക്കസ് ഉത്പാദിപ്പിക്കാൻ കാരണമാകും. ഇത് അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടാൻ ഇടയാക്കും. വയറു വീർക്കാനും വയറു നിറഞ്ഞതായി തോന്നാനും ഇത് കാരണമാകും. ആഴ്‌ചകളോളം ഈ അവസ്ഥ നീണ്ടു നിന്നേക്കാം.
വിളർച്ചയും ക്ഷീണവും
ട്യൂമറുകൾ മൂലം വിട്ടുമാറാത്ത ആന്തരിക രക്തനഷ്‌ടം സംഭവിച്ചേക്കാം. ഇത് നേരിയ തോതിലുള്ള വിളർച്ചയ്ക്ക് കാരണമായേക്കാം. പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാതെ പോകുന്ന ഒരു ലക്ഷമാണിത്. ക്ഷീണം, തലകറക്കം, ശ്വാസതടസം എന്നീ ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം.
അകാരണമായി ശരീരഭാരം കുറയുക
ചില തരം അപെൻഡിക്‌സ് കാൻസറുകൾ മെറ്റബോളിസം, പോഷകങ്ങളുടെ ആഗിരണം എന്നിവയെ ബാധിച്ചേക്കും. ക്രമേണ ഇത് അകാരണമായി ശരീരഭാരം കുറയാൻ കാരണമാകും.