Entertainment

നൈസ് പടം! :മൂണ്‍വാക്കിനെ പ്രശംസിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡി

നവാഗതരായ താരങ്ങളെ അണിനിരത്തികൊണ്ട് വിനോദ് എ.കെ.സംവിധാനം ചെയ്ത ചിത്രമാണ് മൂണ്‍ വാക്ക്. ലിജോ ജോസ് പെല്ലിശ്ശേരി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്നി അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിരൂപക പ്രശംസകളും പ്രേക്ഷകപ്രീതിയും നേടിയ മൂണ്‍ വാക്ക് തിയേറ്ററില്‍ വിജയകരമായി മുന്നേറുകയാണ്.

ഇപ്പോഴിതാ മൂണ്‍വാക്കിനെ പ്രശംസിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡിയും രംഗത്തെത്തിയിരിക്കുകയാണ്. ‘നൈസ് പടം! ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും’ എന്നാണ് ഗിരീഷ് സിനിമയെക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഗിരീഷ് എ ഡിയുടെ പ്രതികരണം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമലു തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ഗിരീഷ് എ ഡി.

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്ക് മാജിക് ഫ്രെയിംസ് തന്നെയാണ് വിതരണം ചെയ്തതും. നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മൂണ്‍ വാക്കിന്റെ കഥയും തിരക്കഥയും ഒരുക്കിയത് വിനോദ് എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.