India

വീട്ടിനുള്ളിൽ തുരങ്കം നിർമ്മിച്ച് ഭൂഗർഭ പൈപ്പ്‌ലൈനില്‍നിന്ന് ഡീസല്‍ മോഷ്ണം; ഒരാൾ പിടിയിൽ – rajasthan jaipur diesel theft

രാജസ്ഥാനിലെ ബാഗ്രു മേഖലയിൽ വീട്ടിനുള്ളില്‍നിന്ന് തുരങ്കം തീർത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഭൂഗർഭ പൈപ്പ്‌ലൈനില്‍നിന്ന് വന്‍തോതില്‍ ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ മോഷണസംഘത്തിലെ രാജേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡീസല്‍മോഷണം പോലീസ് കണ്ടെത്തിയത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പൈപ്പ്‌ലൈന്‍ തുരന്നാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ചിരുന്നത്. ശ്രാവണ്‍ എന്നയാളുടെ നേതൃത്വത്തിലാണ് മോഷണം നടന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനായി വാടകയ്‌ക്കെടുത്ത വീട്ടിനുള്ളില്‍ 25 അടിയോളം നീളത്തിൽ ഭൂഗര്‍ഭ തുരങ്കം നിര്‍മിച്ചതായും. തുരങ്കത്തിനുള്ളിലൂടെ പൈപ്പ്‌ലൈനിന് സമീപത്തെത്തിയാണ് ഇവർ ഡീസല്‍ മോഷണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ഇങ്ങനെ മോഷ്ടിക്കുന്ന ഡീസല്‍ കരിഞ്ചന്തയിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. സംഘത്തിന്റെ തലവനായ ശ്രാവണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. വാടകവീട്ടില്‍നിന്ന് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

STORY HIGHLIGHT: rajasthan jaipur diesel theft