ഡൽഹി: ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നു. ഇന്ന് അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും കഠിനമായ ചൂടാണ് രാജ്യതലസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഡൽഹി കഠിനമായ ഉഷ്ണതരംഗത്തിലേക്ക് നീങ്ങുകയാണ്. ഒരാഴ്ച വരെ കൊടുംചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് മുതിർന്നവരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തിലുളള 227ലേക്ക് താഴുകയും ചെയ്തത് കടുത്ത ആരോഗ്യ പ്രതിസന്ധിയും സൃഷ്ടിക്കുന്നു. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മണ്‍സൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാന്‍ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരീരത്ത് ജലാംശം നിലനിര്‍ത്താനും ഉച്ച സമയങ്ങളിലെ ജോലിസമയം ക്രമീകരിക്കാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ജൂൺ 13 മുതൽ, ഉഷ്ണതരംഗം ഒരു പരിധിവരെ കുറഞ്ഞേക്കാം. ജൂൺ 14 മുതൽ 17 വരെ ഡൽഹിയിൽ താപനില 37-42 ഡിഗ്രി സെൽഷ്യസായി കുറയാനും നേരിയതോ മിതമായതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകാനും സാധ്യതയുണ്ട്.