Kerala

‘നിലമ്പൂരിൽ യുഡിഎഫിന് വിജയം സുനിശ്ചിതം; ആര് വോട്ട് നല്‍കാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ല’; വെൽഫയർ പാർട്ടി ബന്ധം തള്ളാതെ KPCC പ്രസിഡൻ്റ് സണ്ണി ജോസഫ് | Sunny Joseph KPCC

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് എല്‍ഡിഎഫുമായുള്ള രാഷ്ട്രീയ മത്സരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു

ആര് യുഡിഎഫിന് വോട്ട് നല്‍കാമെന്ന് പറഞ്ഞാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് വോട്ട് സ്വീകരിക്കുന്നത്.  മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് എല്‍ഡിഎഫുമായുള്ള രാഷ്ട്രീയ മത്സരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ഭരണനയങ്ങള്‍ ജനങ്ങള്‍ക്കെതിരാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. അതില്‍ ശക്തികേന്ദ്രങ്ങളായിട്ടുള്ള ആരുടേയും വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതിന്റെ പേരില്‍ ഒരു പിന്തുണയും നഷ്ടപ്പെട്ടില്ല. വര്‍ദ്ധിക്കുക മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

കടുത്ത മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്‍ത്തുന്ന യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം നിലമ്പൂരില്‍വെച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.

എല്‍ഡിഎഫ് വിഷയം ഏറ്റെടുക്കയും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍എസ്എസ് പറയുന്നതുപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ചേരുന്നവര്‍ തമ്മിലേ ചേരൂ എന്ന് എം സ്വരാജും പറഞ്ഞിരുന്നു. വിവാദം കത്തിനില്‍ക്കെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.

content highlight: Sunny Joseph KPCC