പാലക്കാട് പട്ടാമ്പി ഭാരതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് നാഫി (15)യാണ് മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെനിന്നാണ് മൃതദേഹം ലഭിച്ചത്.
പെരുമുടിയൂർ പ്രദേശത്തെ ഇറിഗേഷന്റെ പമ്പ് ഹൗസിനുസമീപം ബുധനാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
നാട്ടുകാരുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും മറ്റും നേതൃത്വത്തിൽ തിരച്ചിൽ നടത്തി. പൈലിപ്പുറത്ത് നിന്നുമുള്ള മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്.