ഇരുചക്രവാഹന പ്രേമികൾക്കായിതാ അഞ്ച് കിടിലൻ മോട്ടോര്‍സൈക്കിളുകൾ. റൈഡര്‍മാരുടെ പ്രിയ മോഡലായ കെടിഎം 250 ഡ്യൂക്ക്, പരമാവധി വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ ഓടുന്ന ടിവിഎസ് അപ്പാചെ ആര്ടിആര് 310 , കെടിഎം 390 ഡ്യൂക്കിന്റെ പവര്‍ഹൗസ് ആയ ബജാജ് ഡോമിനര്‍ 400 , ബജാജ് പള്‍സര്‍ NS400Z , ട്രയംഫ് സ്പീഡ് 400 തുടങ്ങിയ ബൈക്കുകളെല്ലാം മൂന്നു ലക്ഷം രൂപയില്‍ താഴെ വില വരുന്നതാണ്.
കെടിഎം 250 ഡ്യൂക്ക്
എളുപ്പം കൈകാര്യം ചെയ്യാനാവുമെന്നതും മികച്ച പെര്ഫോമെന്സുണ്ടെന്നതുമാണ് കെടിഎം 250 ഡ്യൂക്കിനെ റൈഡര്‍മാരുടെ പ്രിയ മോഡലാക്കുന്നത്. 249സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 9,250 ആര്‍പിഎമ്മില്‍ 31എച്ച്പി കരുത്തും 7,250 ആര്‍പിഎമ്മില്‍ 25എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മൂന്നാം തലമുറ 250 ഡ്യൂക്കില്‍ മാറ്റം വരുത്തിയ എര്ഗൊണോമിക്സും അലൂമിനിയം സ്വിങ്ആമും ക്വിക്ക് ഷിഫ്റ്ററും ടിഎഫ്ടി ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്. വില 2.30 ലക്ഷം രൂപ.
ടിവിഎസ് അപ്പാചെ ആര്ടിആര് 310
312 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. 9,700 ആര്‍പിഎമ്മില്‍ 35.6എച്ച്പി കരുത്തും 6,650ആര്‍പിഎമ്മില്‍ 28.7എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പരമാവധി വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍. 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയറുള്ള ഈ മോട്ടോര്‍ സൈക്കിളില്‍ സ്പോര്‍ട്, ട്രാക്ക്, അര്‍ബന്‍, റെയിന്‍, സൂപ്പര്‍മോട്ടോ എന്നീ റൈഡ് മോഡുകളുമുണ്ട്. അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ്, ഇടിസി, റേസ് മാപ്പ്ഡ് ഫ്യുവല്‍ ഇന്ജെക്ഷന്, വാട്ട്3 വേഡ്സ് നാവിഗേഷന്‍, സ്മാര്ട്ട്എക്സോണെറ്റ് കണക്ടിവിറ്റി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വില 2.50 ലക്ഷം- 2.72 ലക്ഷം രൂപ.
ബജാജ് ഡോമിനര്‍ 400
കെടിഎം 390 ഡ്യൂക്കിന്റെ പവര്‍ഹൗസുമായി ബജാജ് പുറത്തിറക്കിയതാണ് ഡോമിനര്‍ 400. 373സിസി സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 8,800ആര്‍പിഎമ്മില്‍ 40എച്ച് പി കരുത്തും 6,500ആര്‍പിഎമ്മില്‍ 35എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഭാരം(192 കിലോഗ്രാം) മാത്രമാണ് പ്രതികൂല ഘടകമായി എടുത്തുകാണിക്കാറ്. വില 2.39 ലക്ഷം രൂപ
ബജാജ് പള്‍സര്‍ NS400Z
ബജാജിന്റെ പള്‍സര്‍ വിഭാഗത്തിലെ ഏറ്റവും കരുത്തുള്ള മോഡല്‍. ഡോമിനാര്‍ 400ന്റെ അതേ എന്‍ജിനും ഫ്രയിമും എങ്കിലും ഭാരത്തില്‍ 18 കിലോഗ്രാം കുറവുണ്ട്. ബജാജ് പള്‍സര്‍ NS400Z ന് 174 കിലോഗ്രാമാണ് ഭാരം. ഇത് പെര്‍ഫോമെന്‍സിലും ട്രാക്ഷന്‍ കണ്‍ട്രോളിലും എബിഎസിലുമെല്ലാം ഗുണം ചെയ്യും. 1.85 ലക്ഷം രൂപയെന്ന വിലയും ബജാജ് പള്‍സര്‍ NS400Z ന് അനുകൂലമാണ്.
ട്രയംഫ് സ്പീഡ് 400
നേരത്തെ പറഞ്ഞ 400 സിസി വിഭാഗത്തില്‍ പെടുത്താവുന്ന മൂന്നാമത്തെ മോട്ടോര്‍ സൈക്കിള്‍. ഭാരം 176 കിലോഗ്രാം. ബജാജ് പള്‍സര്‍ NS400Zനേക്കാള്‍ രണ്ടു കിലോഗ്രാം മാത്രമാണ് ഭാരം കൂടുതലെങ്കിലും ടോര്‍ക്കിലും പ്രകടനത്തിലും കൂടുതല്‍ മികവു പുലര്‍ത്തുന്നുണ്ട്. 398സിസി എന്ജിന് 8,000ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 6,500ആര്‍പിഎമ്മില്‍ 37.5എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. പ്രീമിയം മോട്ടോര്‍ സൈക്കിളിനു യോജിച്ച 2.46 ലക്ഷം രൂപയെന്ന വിലയാണ് ട്രയംഫ് സ്പീഡ് 400ന് ഇട്ടിട്ടുള്ളത്.