Automobile

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ഡിസയർ

സുരക്ഷയുടെ കാര്യത്തിലുള്ള ആശങ്കകളെ കാറ്റിൽപ്പറത്തി മാരുതി സുസുക്കി ഡിസയര്‍. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മാരുതി സുസുക്കി ഡിസയർ 5 സ്റ്റാര്‍ സുരക്ഷ നേടി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിഭാഗത്തില്‍ 5 സ്റ്റാര്‍ സുരക്ഷ നേടാന്‍ മാരുതി സുസുക്കി ഡിസയറിന് കഴിഞ്ഞു.

നേരത്തെ കഴിഞ്ഞ നവംബറില്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി മാരുതി സുസുക്കി ഡിസയര്‍ സുരക്ഷാ മികവ് തെളിയിച്ചിരുന്നു. മാരുതിയല്ലേ ഒരു സുരക്ഷയുമുണ്ടാവില്ലെന്ന പതിവു പല്ലവികളെ ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഡിസയര്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയത്. മാരുതി സുസുക്കിയെ പോലൊരു കമ്പനിക്ക് 5 സ്റ്റാര്‍ സുരക്ഷ വാഹനങ്ങളില്‍ ഉറപ്പിക്കണമെങ്കില്‍ എളുപ്പം സാധ്യമാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഇന്ത്യയുടെ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിലും മാരുതി സുസുക്കി ഡിസയര്‍ 5 സ്റ്റാര്‍ സുരക്ഷ നേടി സുരക്ഷയുടെ കാര്യം ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുന്നു.

മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 29.46 പോയിന്റുകള്‍ നേടിക്കൊണ്ടാണ് മാരുതി സുസുക്കിയുടെ ഈ സെഡാന്‍ മോഡല്‍ മികച്ച പ്രകടനം നടത്തിയത്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 41.57 പോയിന്റ് നേടാനും ഡിസയറിന് സാധിച്ചു. മാരുതി സുസുക്കിയുടെ മോഡലുകളില്‍ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടുന്ന ആദ്യ മോഡലാണ് ഡിസയര്‍.

മുതിര്‍ന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ താരതമ്യേന മികച്ച സുരക്ഷ ഡിസയര്‍ നല്‍കുന്നുവെന്നാണ് ക്രാഷ് ടെസ്റ്റ് ഫലം പറയുന്നത്. ക്രാഷ് ടെസ്റ്റിന്റെ ഭാഗമായി മുന്നിലെ കൂട്ടിയിടിയും മൂവബിള്‍ സൈഡ് ഇംപാക്ട്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റുകള്‍ നടത്തി. ഡ്രൈവറുടെ നെഞ്ച് ഭാഗത്തിന് താരതമ്യേന കുറഞ്ഞ സംരക്ഷണമാണെന്നതാണ് 16ല്‍ 14.17 പോയിന്റിലേക്ക് കുറയാനിടയാക്കിയത്.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും മികച്ച പ്രകടനം നടത്താന്‍ ഡിസയറിന് സാധിച്ചു. ഡൈനാമിക് ടെസ്റ്റിങില്‍ സാധ്യമായ 24 പോയിന്റില്‍ 23.57 പോയിന്റാണ് ഡിസയര്‍ നേടിയത്. ചെല്‍ഡ് റിസ്‌ട്രെയിന്റ് സിസ്റ്റം ഇന്‍സ്റ്റലേഷനില്‍ സാധ്യമായ 12 പോയിന്റും നേടാന്‍ ഡിസയറിന് സാധിച്ചിട്ടുണ്ട്. വെഹിക്കിള്‍ അസെസ്‌മെന്റ് സ്‌കോറില്‍ 13ല്‍ ആറു പോയിന്റ് മാത്രമാണ് ഡിസയറിന് നേടാനായത്. ഇതാണ് കുട്ടികളുടെ സുരക്ഷയില്‍ പോയിന്റുകള്‍ കുറക്കാന്‍ ഇടയാക്കിയത്. എന്നിട്ടും 5 സ്റ്റാര്‍ സുരക്ഷ കുട്ടികളുടെ കാര്യത്തിലും ഉറപ്പിക്കാന്‍ ഡിസയറിന് സാധിച്ചു.

മാരുതി ഡിസയറിന്റെ എല്ലാ വകഭേദങ്ങളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എത്തുന്നുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, 5 സീറ്റുകളിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ആന്റി ലോക്ക് ബ്രേക്ക്, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് ഡിസയറിലെ പ്രധാന സുരക്ഷാ സൗകര്യങ്ങള്‍. ഡിസയറില്‍ മാത്രമല്ല മറ്റു മോഡലുകളിലേക്കു കൂടി സുരക്ഷാ ഫീച്ചറുകള്‍ കൂടുതലായി അവതരിപ്പിക്കാന്‍ അടുത്തകാലത്ത് മാരുതി സുസുക്കി ശ്രദ്ധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓള്‍ട്ടോ, വാഗണ്‍ ആര്‍, ഈകോ മോഡലുകളില്‍ സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗ് സുരക്ഷ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു.