Entertainment

സന്ദീപ് റെഡ്‌ഡി വാങ്കയുടെ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ ഔട്ട് ?

അനിമൽ സംവിധായകൻ സാനിപ് റെഡ്‌ഡി വാങ്കയുടെ പുതിയ ചിത്രമായ സ്പിരിറ്റിൽ നിന്ന് ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയതായി വാർത്തകൾ പുറത്തുവന്നിരുന്നു. പ്രതിഫലം സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ദീപിക പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ സന്ദീപ് റെഡ്‌ഡിയുടെ മറ്റൊരു ചിത്രത്തിൽ നിന്നും നടൻ അല്ലു അർജുനെയും ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ വർഷം അല്ലു അർജുനും സന്ദീപ് റെഡ്‌ഡിയും തമ്മിൽ ഒരു സിനിമയുടെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഈ പ്രൊജക്ട് പിന്നീട് താത്കാലികമായി നിർത്തിവച്ചു. ഈ പ്രൊജക്ടിൽ നിന്നും അല്ലു അർജുനെ ഒഴിവാക്കുകയും പകരം ജൂനിയർ എൻടിആറിനെ പരിഗണിക്കുകയും ചെയ്യുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

ഈ അടുത്തായിരുന്നു സ്പിരിറ്റിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോർട്ടുകൾ വന്നത്. 8 മണിക്കൂര്‍ ഷിഫ്റ്റിന് പുറമെ, 20 കോടി പ്രതിഫലവും സിനിമയുടെ ലാഭവിഹിതവും ദീപിക പദുക്കോണ്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. കൂടാതെ താന്‍ തെലുങ്കില്‍ ഡയലോഗുകള്‍ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നുമാണ് പറയപ്പെടുന്നത്.

അതേസമയം ദീപികയും അല്ലുവും ഇപ്പോൾ അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വർക്ക് ചെയ്യുന്നത്. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.