രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.
അതേസമയം സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും.
തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം കത്താതിരുന്നതിനാലാണ് വേഗത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനായത്.
അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്‌സില്‍ നിന്ന് കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്. അപകടത്തില്‍ മരിച്ചവവരുടെ 265 മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലെത്തിച്ചതായി പൊലീസ് അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് കണക്ക് പുറത്ത് വിട്ടത്.
















