സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ കംപ്യൂട്ടറൈസ്ഡ് ബില്‍ നിര്‍ബന്ധമെന്ന് ധനകാര്യവകുപ്പ്. അതതു വാഹനങ്ങളുടെ നമ്പര്‍ സഹിതമുള്ള ബില്‍ വാങ്ങണമെന്നാണ് ധനകാര്യവകുപ്പിന്റെ നിര്‍ദേശം. ഇതുണ്ടെങ്കിലേ ഇന്ധനത്തിന്റെ പണം ലഭിക്കൂ.
എഴുതിത്തയ്യാറാക്കിയ ബില്ലിന്റെ വിശ്വാസ്യത ഉറപ്പാക്കാനാകാത്തതിനാലാണ് നിര്‍ദേശമെന്ന് ഉത്തരവില്‍ പറയുന്നു. ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് എല്ലാ മാസവും ലോഗ്ബുക്ക് പരിശോധിച്ച് ഓഫീസ് മേലധികാരി ഉറപ്പാക്കണം.
ഓരോ വാഹനവും ആ ഓഫീസ് നില്‍ക്കുന്ന അഞ്ചു കിലോമീറ്ററിനുള്ളിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ പമ്പുകളില്‍നിന്നാണ് വാഹന നമ്പര്‍ രേഖപ്പെടുത്തി ഇന്ധനം നിറയ്ക്കേണ്ടത്.
ഈ സൗകര്യം ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ പമ്പുകളുമായി കരാറുണ്ടാക്കി ഇന്ധനം നിറയ്ക്കാം. ഇതിന്റെ പണം പമ്പ് ഉടമയുടെ അക്കൗണ്ടിലേക്ക് ഓഫീസ് മേധാവി കൈമാറണം.
ഓഫീസ് പരിധിയില്‍നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് പരിധിക്കു പുറത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാം. കംപ്യൂട്ടറൈസ്ഡ് ബില്ല് ഹാജരാക്കി പണം ഡ്രൈവര്‍ക്ക് കൈപ്പറ്റാനാകും.