ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തലവൻ റോലം അലി റഷീദ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് തെഹെറാഞ്ചി, മുതിർന്ന ആണവ ശാസ്ത്രജ്ഞൻ ഫെറൈഡൗൺ അബ്ബാസി-ദവാനി എന്നിവർ കൊല്ലപ്പെട്ടു.
പുലർച്ചെ 3.30ന് ആയിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിയൻ റെവല്യൂഷ്ണറി ഗാർഡിന്റെ മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്.
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാന്റെ പ്രത്യാക്രമണം പ്രതീക്ഷിക്കുന്നതായി കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ മുഴുവൻ ആഭ്യന്തര മേഖലയിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതിനുള്ള പ്രത്യേക ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇസ്രയേലുമായുള്ള സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണ്ണ ജാഗ്രതയിലാണെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
















