വലിയൊരു ദുരന്തമുഖത്ത് രാജ്യം നില്ക്കുമ്പോള് അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നത് നീതിബോധമുള്ള പ്രവര്ത്തനമല്ലെന്നറിയാം, എങ്കിലും സാധ്യതകള്‍ എന്തൊക്കെയാണെന്ന് വിദഗ്ദ്ധരുടെ അഭിപ്രായം ആരായുന്നതില്‍ തെറ്റില്ല എന്ന വിശ്വാസമാണ് ഈ ലേഖനത്തിന്റെ പിന്‍ബലം. ഏവിയേഷന്‍ മേഖലയലുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ വിമാനത്തിന്റെ ആകാശത്തെ അവസാന നിമിഷങ്ങളുടെ ലഭ്യമായ വിഡിയോയില്‍ കാണുന്ന മൂന്നു കാര്യങ്ങളാണ്.
- അറുന്നൂറടിയോളം പൊക്കത്തില്‍ പറക്കുമ്പോഴും താഴ്ന്നു തന്നെയിരിക്കുന്ന ചക്രങ്ങള്‍
- വീഡിയോയിലെ വിദൂരക്കാഴ്ചയില്‍, നേരെ തന്നെയിരിക്കുന്നു എന്നു തോന്നിക്കുന്ന, ചിറകിനു പിന്നിലെ ഫ്ളാപ്പുകള്.
- വീഴ്ചയ്ക്കു മുന്നേ മുകളിലേക്കുകയറാനുള്ള ശ്രമം
200-400 അടിപ്പൊക്കത്തിലെത്തുമ്പോഴേക്കും വീലുകള്‍ മുകളിലേക്കുയര്‍ത്തുകയാണ് പതിവ്. ഇവിടെ അറുന്നൂറായിട്ടും പൈലറ്റുമാര്‍ ചക്രങ്ങള്‍ മുകളിലേക്കു കയറ്റാത്തത് പ്രശ്നത്തിന്റെ തന്നെ സൂചികയാണ്. അതിനുള്ള സാധ്യതകള്‍ പലതാണ്.
- ലാന്‍ഡിങ് ഗിയര്‍ ചലിപ്പിക്കുന്ന ഹെഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍
- പൈലറ്റുമാരുടെ മറവി
- വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചത്.
എന്നാല്‍ ഇതോടൊപ്പം ഫ്ളാപ്പുകള് നേരെയാക്കിയെന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ടേക്കോഫു ചെയ്യുമ്പോഴും പറന്നു കയറുമ്പോഴും ചിറകിനു പിന്നിലെ ഈ പാളികള്‍ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതല്‍ തള്ളല്‍ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാല്‍ രണ്ടു കാര്യങ്ങളും നടക്കില്ല. എന്നാല്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെ 3505 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ വെറും 1900 മീറ്ററില്‍ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയര്‍ന്ന ഈ വിമാനത്തിലെ ഫ്ളാപ്പുകള് ഉയരാനുള്ള ഓട്ടത്തില്‍ താഴ്ന്നു തന്നെയിരുന്നു എന്നത് ഉറപ്പാണ്. ഉയര്‍ന്നു കഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകുമ്പോഴാണ്, അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം, ഫ്ളാപ്പുകള് നേരെയാക്കുക.
അതേവരെ നല്ല ലിഫ്റ്റ്-മുകളിലേക്കുള്ള തള്ളല്‍- വേണമെങ്കില്‍ ഫ്ളാപ്പുകള് ഇങ്ങിനെ ഇരുന്നേ പറ്റൂ. അഹമ്മദാബാദില്‍ വിമാനം വീഴുമ്പോള്‍ ഉയരം 625 അടിയായിരുന്നു. അതേസമയം, 200 മുതല്‍ 400 അടിയില്‍ വിമാനം എത്തിയാല്‍ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട വീലുകള്‍ ഈ പൊക്കത്തിലും താഴ്ന്നു തന്നെയിരിക്കുകയും ചെയ്തിരുന്നു. ആദ്യം തോന്നാവുന്ന സംശയം ഇതാണ്- ലാന്‍ഡിഗ് ഗിയര്‍ വലിച്ചുകയറ്റാനുള്ള ലിവറെന്നു കരുതി ഫ്ളാപ്പുകള് നേരെയാക്കാനുള്ള ലിവര്‍ വലിച്ചിട്ടുണ്ടാകുമോ പൈലറ്റുമാര്‍?. എന്നാല്‍ ഡ്രീംലൈനര്‍ വിമാനത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്. മാറിപ്പോകാന്‍ പാകത്തിന് അടുത്തടുത്തല്ല രണ്ടും. പൈലറ്റുമാരുടെ നടുക്കുള്ള പെഡസ്റ്റലില്‍ എന്ജിന് ത്രോട്ടിലിന് വലത്താണ് ഫ്ളാപ്പ് ലിവര്‍. ലാന്‍ഡിങ് ഗിയര്‍ ലിവറാകട്ടെ മുഖ്യ ഇന്‍സ്ട്രുമെന്റ് പാനലില്‍, ഫ്ളൈറ്റ് ഡിസ്പ്ലേ പാനലിനു താഴെ, ക്യാപ്ടന്റെ സൈഡിലാണ് (ഇടതുവശത്ത്).
നേരെയായ ഫ്ളാപ്പുകളും താഴെ ഇറങ്ങിത്തന്നെ നില്ക്കുന്ന വീലുകളും, ഇവ രണ്ടും ഒന്നിച്ചു സംഭവിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയുമാണ്. വിമാനത്തിന് ഉയര്‍ന്നു പോകാനുള്ള മുകളിലേക്കുള്ള തള്ളല്‍ കുറയുകയും, തള്ളി താഴേക്കു നില്ക്കുന്ന വീലുകള്‍ വായുപ്രവാഹത്തിന് തടസ്സമുണ്ടാക്കി ഡ്രാഗ്, അതായത് പിന്നിലേക്കുള്ള വലിവ് കൂടുകയും വിമാനം ഉയരുന്നുമില്ല, വേഗം കുറയുകയും ചെയ്യുന്നു എന്ന അവസ്ഥ ഉണ്ടാകും. വിമാനം ഉയരുന്നില്ലെന്നു കാണുമ്പോള്‍, സ്വാഭാവികമായും വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയര്‍ത്താനുള്ള പ്രേരണയാണുണ്ടാവുക. ഇങ്ങനെ, കുറഞ്ഞ വേഗത്തില്‍ കുറഞ്ഞ ലിഫ്റ്റില്‍ മൂക്ക് മുകളിലേക്കുയരുമ്പോള്‍, വായുവിന്റെ മുകളിലേക്കുള്ള തള്ളല്‍ പിന്നെയും കൂടുതലായി കുറയുകയാണുണ്ടാവുക. സ്റ്റാള്‍ എന്നു പറയുന്ന ഈ അവസ്ഥില്‍ വിമാനം കല്ലിട്ടതു പോലെ താഴേക്കു പതിക്കുകയും ചെയ്യുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു ശബ്ദമായിരുന്നു. ഏറ്റവും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം, വിമാനത്തിന് ഏറ്റവും അത്യാവശ്യമുള്ള വൈദ്യുതി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന റാം എയര്‍ ടര്‍ബൈന്‍ (RAT) എന്ന ചെറിയ വൈദ്യുതി ജനറേറ്ററിന്റെ, കൃത്യമായി തിരിച്ചറിയാവുന്ന മുരള്‍ച്ച പോലെയുള്ള ശബ്ദം. വിമാനത്തിന്റെ എന്‍ജിനില്‍ നിന്നുള്ള പവര്‍ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാവുക. ആ സാഹചര്യത്തില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട ഓക്സിലിയറി പവര്‍ യൂണിറ്റ് എന്ന ചെറു ജനറേറ്ററും പ്രവര്ത്തിക്കാതെയാവുക. ഇതു രണ്ടുമില്ലെങ്കില്‍ വിമാനത്തിന് ഊര്‍ജം നല്‍കേണ്ട ബാറ്ററി യൂണിറ്റും നിശ്ചലമാവുക. ഈ സാഹചര്യത്തില്‍ മാത്രമാണ് റാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങുക.
മറ്റു വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഡ്രീംലൈനര്‍ വിമാനങ്ങളിലെ റാറ്റ്, പൈലറ്റുമാര്‍ക്ക് സ്വിച്ചോണ്‍ ചെയ്യാന്‍ കഴിയുകയുമില്ല. ഏറ്റവും അടിയന്തര സാഹചര്യത്തില്‍ തനിയെ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്നലെ ഉണ്ടായ വിമാനാപകടത്തില്‍ വിമാനത്തിന്റെ റാറ്റ് ഓണായി എന്നതിന്റെ ആദ്യത്തെ അര്‍ഥം ഇതാണ്. വൈദ്യുതി സംവിധാനങ്ങള്‍ കൊണ്ടു മാത്രം എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്ന ബോയിങ് 787 ഡ്രീംലൈനര്‍ എന്ന വിമാനത്തിന്റെ സംവിധാനങ്ങളെല്ലാം 625 അടിെ പൊക്കത്തില്‍ വെച്ച് പ്രവര്‍ത്തിക്കാതെയായി എന്നര്‍ത്ഥം. രണ്ടു സാഹചര്യങ്ങളിലാണ് ഇതു സംഭവിക്കാന്‍ സാധ്യതയുള്ളത്.
- വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്ത്തിക്കാതെയാകുമ്പോള്. ഒപ്പം, എന്ജിന് പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററുകളും നിശ്ചലമാകുമ്പോള്‍
- എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും മറ്റുരണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകള്‍ പ്രവര്‍ത്തിച്ചില്ല. അതോടൊപ്പം ഓക്സിലയറി പവര്‍ യൂണിറ്റ് എന്ന എപിയുവും പ്രവര്‍ത്തിക്കാതെയുമായി. കൂടാതെ ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജവും പോരാതെ വന്നു.
”No thrust… plane not taking lift’ എന്ന് പൈലറ്റ് സന്ദേശം അയച്ചത് ഇതില്‍ ഏതു സാഹചര്യത്തിലാണ് എന്നാണ് വ്യക്തമാകേണ്ടത്. എന്ജിന് പ്രവര്‍ത്തിക്കുന്നില്ല എന്ന് പൈലറ്റ് പറഞ്ഞില്ല എന്ന് ശ്രദ്ധിക്കുക. ത്രസ്റ്റ് കിട്ടുന്നില്ല, ആവശ്യത്തിന് ലിഫ്ററ് ഇല്ല എന്നു പറയുമ്പോള്‍ എന്‍ജിനുണ്ടെങ്കിലും ഇതൊന്നുമില്ല എന്ന അര്‍ഥമാണ് കൂടുതലുള്ളത്. എന്‍ജിനുകള്‍ ആവശ്യത്തിന് ശക്തി നല്‍കാത്ത ഐഡില്‍ നിലയിലായിരുന്നെങ്കിലും, ഒരു എന്ജിന് മാത്രം പ്രവര്‍ത്തിക്കുകയായിരുന്നെങ്കിലും നോ ത്രസ്റ്റ് എന്ന് പൈലറ്റ് പറയാം. ‘നോ ലിഫ്റ്റ്’ എന്നു പൈലറ്റ് പറഞ്ഞത്, നേരെയാക്കിയ ഫ്ളാപ്പുകളിലേക്കും കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. കൂടാതെ, വിമാനത്തിലെ ചരക്കിന്റെയും യാത്രക്കാരുടെയും വിന്യാസം ശരിയാകാത്തതിനാല്‍ വിമാനത്തെ മുകളിലേക്കുയര്‍ത്താന്‍ കൂടുതല്‍ ശ്രമിക്കേണ്ടി വരുന്നതും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാക്കാം.
ഈ വിമാനത്തിലെ എന്‍ജിനുകളുടെയും പ്രവര്‍ത്തനം ആത്യന്തികമായി നിയന്ത്രിക്കുന്നത് വൈദ്യുതി സംവിധാനമായതിനാല്‍ അതിനുണ്ടാകുന്ന തകരാറുകള്‍ തിരികെ എന്ജനുകളെ നിശ്ചലമാക്കാം. ചുരുക്കത്തില്‍, വിമാനത്തിലെ വൈദ്യതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത് എന്നുവിലയിരുത്താം. നിശ്ചലമായ എന്‍ജിനുകള്‍ (എന്തു കാരണം കൊണ്ടായാലും) മാത്രം ആ റാറ്റ് യൂണിറ്റിനെ പ്രവര്‍ത്തിപ്പിച്ചു തുടങ്ങില്ല എന്നതിനാല്‍, മറ്റു രണ്ടു സംവിധാനങ്ങളായ എ.പി.യു, ബാറ്ററി എന്നിവയും നിശ്ചലമായത് എങ്ങിനെയെന്നാണ് അന്വേഷിക്കേണ്ടത്. വിമാനത്തെ മൊത്തം നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ് വെയറിന്റെ കുഴപ്പങ്ങള്‍ വരെ അന്വേഷണ പരിധിയില്‍ വരേണ്ടതുണ്ട്.
റാറ്റ് മാത്രം പ്രവര്‍ത്തിച് ഈ വിമാനത്തിന് ലാന്‍ഡ് ചെയ്യാനും ഇന്നലെ ആവുമായിരുന്നില്ല. വിമാനത്തിലെ മറ്റു സംവിധാനങ്ങളെല്ലാം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെയുള്ള ഇടക്കാല വൈദ്യുതി ഉത്പാദന സംവിധാനത്തിന് വിമാനം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനോ ലാന്‍ഡു ചെയ്യിക്കാനോ കഴിയുമായിരുന്നില്ല. റാറ്റ് പ്രവര്‍ത്തിച്ചു തുടങ്ങാനിടയായ ആ മൂല കാരണം കണ്ടെത്താനും പരിഹാരമുണ്ടാക്കാനും ആ കുറഞ്ഞ സമയത്തിനുള്ളില്‍ പൈലറ്റുമാര്‍ക്ക് കഴിയാതിരുന്നത് അനിവാര്യമായ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍
CONTENT HIGH LIGHTS; The causes of the plane crash were: Did a small power generator called a Ram Air Turbine (RAT) malfunction?; The pilots were unable to identify the reason why the RAT started working?