നിസാര കാര്യമല്ല ഉറക്കം. ശാരീരികവും മാനസികവുമായ അധ്വാനത്തിന് ശേഷം സ്വാഭാവികമായും ശരീരത്തിന് സംഭവിക്കേണ്ട വിശ്രമം ഉറക്കത്തിലൂടെയാണ് ലഭിക്കേണ്ടത്. വിശ്രമം മനുഷ്യനെന്നല്ല എല്ലാ ജീവജാലങ്ങൾക്കും അത്യന്താപേക്ഷിതമാണ്. കൃത്യമായി വിശ്രമം ലഭിക്കാതിരിക്കുമ്പോൾ ദേഷ്യവും മാനസികസമ്മർദവും ഏറുന്നത് സ്വാഭാവികം.
ദൈനംദിന കാര്യങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിൽ അത് നമ്മുടെ കുടുംബത്തിലെയും ജോലി സ്ഥലത്തെയും സമാധാന അന്തരീക്ഷം തകിടംമറിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് ഒരു അസുഖത്തിന്റെ സ്വഭാവത്തിലേക്ക് മാറും മുൻപ്, സ്വയം ചെയ്തു നോക്കുവാനും വലിയൊരളവുവരെ ഉറക്കക്കുറവിന് പരിഹാരം കാണാനും ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
- ഉറക്കത്തിന് അനുകൂലമായ സാഹചര്യം ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. ശുദ്ധവായു ലഭിക്കുന്ന, ഒരുപാട് ചൂടില്ലാത്ത മുറിയാണ് ഉറങ്ങാൻ തിരഞ്ഞെടുക്കേണ്ടത്.
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട്വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.