19 നൂറ്റാണ്ടില്‍ കര്‍ണാടകയിലെ മൈസൂരിലെ രാജകൊട്ടാരത്തിലാണ് മൈസൂര്‍ പാക്ക് ആദ്യമായി തയ്യാറാക്കിയത്. രാജാവ് കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചത്. രാജകീയ പാചകക്കാരനായ കാകാസുര മാടപ്പയാണ് കടലമാവ്, പഞ്ചസാര, നെയ്യ് എന്നിവ ഉപയോഗിച്ച് ഈ മധുരപലഹാരം കണ്ടുപിടിച്ചത്. ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു പരമ്പരാഗത ദക്ഷിണേന്ത്യന്‍ മധുരപലഹാരമാണ് മൈസൂര്‍ പാക്ക്.
ചേരുവകൾ
- കടലമാവ് – 1 കപ്പ്
- നെയ്യ്- 2 കപ്പ്
- പഞ്ചസാര – 1 1/2 കപ്പ്
- വെളളം – 1 1/4 കപ്പ്
തയ്യറാക്കുന്ന വിധം
നെയ്യ് ഉരുക്കി മാറ്റി വയ്ക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് കടലമാവ് ചേര്‍ത്ത ശേഷം ചെറിയ തീയില്‍ വറുത്തെടുക്കുക. ഇത് മൂക്കുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അരിച്ചെടുക്കണം. ഇതിലേക്ക് അര കപ്പ് നെയ്യും കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി മാറ്റിവയ്ക്കുക.പാത്രം അടുപ്പില്‍ വച്ച് അതിലേക്ക് പഞ്ചസാരയും വെള്ളവും ഒഴിച്ച് ചൂടാക്കി പഞ്ചസാര അലിയിപ്പിച്ചെടുക്കുക. ഇത് കൈകൊണ്ട് തൊടുമ്പോള്‍ നൂല് പരുവമാകുന്നതുവരെ ചൂടാക്കണം. ശേഷം മിക്സ് ചെയ്തുവച്ച കടലമാവും നെയ്യും കൂടിയുളള മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. നെയ്യും കടലമാവും പഞ്ചസാരയും യോജിച്ച് വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. ഇടയില്‍ കുറേശ്ശെ കാല് കപ്പ് നെയ്യ് ചേര്‍ത്തുകൊണ്ടിരിക്കുക. രണ്ട് കപ്പ് നെയ്യ് തീരുന്നതുവരെ ഇതുപോലെ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം. പാത്രത്തില്‍ നിന്ന് വിട്ടുപോരുന്ന പരുവമാകുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോള്‍ മുറിച്ച് വിളമ്പാം.
STORY HIGHLIGHT: Mysore Pak